കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓർത്തഡോക്സ് സഭാ വൈദികർ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണ് ഇന്ന് രാവിലെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്.

ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഇവരോട് 13ന് മുമ്പ് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ‌ കീഴടങ്ങാനായിരുന്നു കോടതി നിർദ്ദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ ക്രൈംബ്രാഞ്ച് ആലോചിച്ചിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വൈദികർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. രണ്ടാഴ്ചത്തെ സമയമാണ് കീഴടങ്ങാൻ സുപ്രീം കോടതി നൽകിയിരുന്നത്. എന്നാൽ ഓ​ഗസ്റ്റ് 13 ന് തന്നെ കീഴടങ്ങാമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിക്കുകയായിരുന്നു. കീഴടങ്ങിയ ശേഷം അന്നു തന്നെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരി​ഗണിക്കേണ്ടത്.

തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈദികര്‍ ഇന്ന് ജാമ്യാപേക്ഷ നൽകും. പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിലെ മറ്റ് രണ്ട് പ്രതികളായ വൈദികര്‍ ഇപ്പോൾ ജാമ്യത്തിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ