തിരുവല്ല: ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണ വിവാദവുമായി ബന്ധപ്പെട്ട് പരാതിക്കാരിയിൽ നിന്ന് ദേശീയ വനിത കമ്മിഷൻ ഇന്ന് മൊഴിയെടുക്കും. സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ദേശീയ വനിത കമ്മിഷൻ രേഖ ശർമ്മയുടെ നേതൃത്വത്തിൽ രണ്ടംഗ സംഘം യുവതിയെ കാണാൻ തിരുവല്ലയിൽ വരുന്നത്.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി.  തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. കറുകച്ചാലിലെ വൈദിക ആശ്രമം, ബലാത്സംഗം നടന്നതായി യുവതി മൊഴിയിൽ പറയുന്ന ബോർഡിങ് എന്നിവിടങ്ങളിൽ ഇനി  തെളിവെടുപ്പ് നടക്കും.

ഓർത്തഡോക്സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നൽകിയിരിക്കുന്ന സത്യപ്രസ്താവനയിൽ സാക്ഷി ഒപ്പിട്ടവരിൽ നിന്നും മൊഴിയെടുക്കും. നിലവിൽ ഒളിവിൽ കഴിയുന്ന 4 പ്രതികളുടെയും മുൻകൂർ ജാമ്യ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഡൽഹി ഭദ്രാസനത്തിലെ വൈദികൻ ജയ്സ് കെ ജോർജിനൊപ്പം യുവതി താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ തെളിവെടുപ്പ് പൂർത്തിയായി. ഒരുമിച്ച് താമസിച്ചത് വെളിപ്പെടുത്തുമെന്ന് വൈദികൻ ഭീഷണിപ്പെടുത്തിയതിനാലാണ് ഹോട്ടൽ ബിൽ താൻ അടച്ചതെന്ന് യുവതി മൊഴി നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ