കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരു ഓർത്തഡോക്സ് സഭ വൈദികൻ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാ. ജോൺസൺ വി.മാത്യുവിനെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

കോഴഞ്ചേരിയിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്ന വൈദികനെ ഇവിടെ വച്ചാണ് പൊലീസ് പിടികൂടിയത്.   ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു.

മറ്റൊരു പ്രതി കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കൊല്ലത്ത് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇദ്ദേഹത്തെ റിമാന്റ് ചെയ്തു.

കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.  കേസിൽ ഫാ.ജോബ് ഉൾപ്പെടെ മൂന്ന് ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം കേസിലെ  ഒന്നാം പ്രതി ഫാ.സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവർക്കായി തിരച്ചിൽ നടത്തുകയാണ് അന്വേഷണ സംഘം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ