ന്യൂഡൽഹി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ ഓർത്തഡോക്സ് വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ഒരു ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിലപാടിനോട് സർക്കാർ യോജിച്ചു.

കേസിലെ പ്രതികളായ എബ്രഹാം വർഗ്ഗീസ്, ജെയ്സ് ജോർജ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ പ്രതികളായ ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ വി.മാത്യു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതി ഫാ.എബ്രഹാം വർഗ്ഗീസ് നാലാം പ്രതി ഫാ.ജെയ്സ് കെ. ജോർജ് എന്നിവർ വിദേശത്തേക്ക് കടക്കാനുളള സാഹചര്യം കണക്കിലെടുത്ത് ഇവരുടെ പാസ്പോർട്ടും രേഖകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. അവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. വൈദികർ കീഴടങ്ങണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഒളിവിൽ കഴിയുന്ന വൈദികരോട് കീഴടങ്ങണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കീഴടങ്ങാതെ വൈദികർ സഭയ്ക്ക് നാണക്കേട് ഉണ്ടാക്കുകയാണെന്നും സഭയ്ക്കുളളിൽ വിമർശനമുണ്ട്.

കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.