കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അര്‍ബുദ ബാധിതനായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ബാവ കാലം ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചെ 2.35 നായിരുന്നു അന്ത്യം സംഭവിച്ചത്.
ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
“സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു,” മുഖ്യമന്ത്രി പറഞ്ഞു
വൈകുന്നേരം എഴ് മണിയോടെപരുമല പള്ളിയില്‍ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേയ്ക്ക് വിലാപയാത്രയായി കാവുംഭാഗം – മുത്തൂര്‍ – ചങ്ങനാശ്ശേരി വഴി ദേവലോകം അരമനയിലേയ്ക്ക് കൊണ്ടുപോകുന്നതാണ്.
രാത്രി ഒന്‍പത് മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം ദേവലോകം അരമന ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അവസരം ഉണ്ടായിരിക്കും.
ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് കാതോലിക്കേറ്റ് അരമന ചാപ്പലിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം എട്ട് മണിയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോമ്പൗണ്ടില്‍ ക്രമീകരിച്ചിട്ടുള്ള പന്തലിലേയ്ക്ക് പരിശുദ്ധ ബാവാ തിരുമനസ്സിന്റെ ഭൗതിക ശരീരം മാറ്റും.
കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകുന്നേരം മൂന്ന് മണിയോടുകൂടി പ. ബാവാ തിരുമനസ്സിന്റെ ഭൗതിക ശരീരം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ പരിശുദ്ധ മദ്ബഹായിലേയ്ക്ക് കൊണ്ടു വരുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ച് മണിയോടുകൂടി ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോട് ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോട് ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്ക്കാരം നടത്തപ്പെടുന്നതാണ്.
തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂരില്‍ 1946 ഓഗസ്റ്റ് 30 നാണ് ജനനം. കെ.ഐ ഐപ്പ്, കുഞ്ഞീറ്റ എന്നിവരാണ് മാതാപിതാക്കള്‍. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബി.എസ്.സിയും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് എം.എയും കരസ്ഥമാക്കി. 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടിയത്.