scorecardresearch
Latest News

ആലപ്പുഴ കലക്ടറെ മാറ്റിയതിൽ ദുരൂഹത; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പൊലീസ് ചെയ്തില്ലെന്നും സഭ കുറ്റപ്പെടുത്തി

Orthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടറെ പെട്ടെന്ന് സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഓർത്തഡോക്സ് സഭ. സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പൊലീസ് ചെയ്തില്ല. ഡിജിപിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസിനെ വലിയ തോതിൽ സ്‌ഥലത്ത്‌ വിന്യസിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ കഴിയുമായിരുന്നിട്ടും അധികാരികൾ അതിനു ശ്രമിച്ചില്ല.

കോതമംഗലം പള്ളിയിൽനിന്ന് മടങ്ങിപ്പോയ നാലു വൈദികർക്ക് മർദ്ദനമേറ്റു. അഭിഭാഷക കമ്മിഷനെയും കൊണ്ട് ഓണക്കൂർ പള്ളി കാണിക്കാൻ പോയ ഫാദർ ബിജു ഏലിയാസിനെ പോലീസിന്റെയും കമ്മീഷന്റെയും മുന്നിൽവച്ച് ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഗുണ്ടായിസം അഴിച്ചുവിട്ട് സഭയെ പിന്തിരിപ്പിക്കാനുള്ള പാത്രിയർക്കീസ് പക്ഷ ശ്രമത്തെ സർക്കാരും പ്രോത്സാഹിപ്പിക്കുകയാണ്.

കോടതി വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത പാത്രിയർക്കീസ് വിഭാഗത്തോട് അനുഭവം പുലർത്തുന്ന സമീപനമാണ് ഇടത്, വലത് എംഎൽഎമാർ സ്വീകരിക്കുന്നത്. കോതമംഗലം എം.എൽ.എ ആന്റണി ജോൺ, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, കോതമംഗലം മുനിസിപ്പൽ കൗൺസിലർ ഷമീർ പനയ്ക്കൽ, പ്രതിപക്ഷ നേതാവ് നൗഷാദ് തുടങ്ങിയവരൊക്കെ കോടതി വിധി നടപ്പാക്കരുതെന്ന് പരസ്യമായി നിലപാടെടുത്ത് പാത്രിയർക്കീസ് വിഭാഗത്തിനൊപ്പം ശക്തമായി നിലകൊള്ളുന്നു.

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പിയും അദ്ദേഹത്തിന്റെ പാർട്ടിയും പാത്രിയർക്കീസ് വിഭാഗത്തിനൊപ്പം ഉണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.  പരമോന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പാക്കാൻ പോലും സഹായിക്കാതെ ഇവർ ഭരണഘടനയെയും നിയമ- നീതി സംവിധാനത്തെയും വെല്ലുവിളിക്കുകയാണ്.

ശവസംസ്‌കാരം സംബന്ധിച്ച് സുപ്രീം കോടതി വിധി ഓർത്തഡോക്സ് സഭ അതേപടി പാലിക്കും. ബന്ധുക്കൾ ആവശ്യപ്പെടുന്ന എല്ലാ ഇടവകാംഗങ്ങളുടെയും മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന് ഒരു തടസവും വരുത്തില്ല.ഇടവക വികാരിയുടെ സമ്മതത്തോടും അംഗീകാരത്തോടും കൂടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാനാവൂ.

പള്ളികളിൽ നിന്ന് വ്യാപകമായി മോഷണം നടക്കുന്നതായും ഓർത്തഡോക്സ് സഭ ആരോപിച്ചു. ഇതിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്നും ഓർത്തഡോക്സ് സഭ വക്താവ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Orthodox church against government on action to transfer alappuzha collector