കൊച്ചി: ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തങ്ങള്‍ക്ക് അയിത്തമില്ലെന്ന് ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. തങ്ങളെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കി നീതി നൽകണമെന്നുമാവശ്യപ്പെട്ടുകൊണ്ടും നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവാലയങ്ങളും സെമിത്തേരികളും സഭ വിശ്വാസികളുടേതാണ്, വിദേശ സഭ മേധാവികളുടേതല്ലെന്നും മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനൽകില്ലെന്നും കതോലിക്കാ ബാവ പറഞ്ഞു. “ദേവാലയങ്ങളുടെ ധനം ഏതാനും പേർക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാൻ ലക്ഷ്യമിട്ടാണ് ഈ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിന് കൂട്ടുനിൽക്കുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് സർക്കാർ യാക്കോബായ വിഭാഗവുമായി ചേർന്ന് അട്ടിമറിക്കുവാൻ ശ്രമിക്കുകയാണ്. കോടതിയിൽ നിന്നും നീതി ലഭിച്ചിട്ടും സർക്കാർ അത് നിഷേധിക്കുന്നു” ഓർത്തഡോക്സ് തലവൻ കുറ്റപ്പെടുത്തി.

Read Also: യുഎപിഎ വിഷയം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പൊളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം

ആയിരക്കണക്കിന് സഭ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ സംഗമത്തിൽ കാലടി സംസ്‌കൃത സര്‍വ്വകലാശായിലെ മുന്‍ വൈസ് ചാന്‍സിലറും, മുൻ പിഎസ്‌സി അധ്യക്ഷനുമായ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റ് വിഷയങ്ങളിൽ സുപ്രീം കോടതി വിധികൾ നടപ്പിലാക്കും എന്ന് അനുദിനം ആവർത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി എന്താണ് ഈ പ്രശ്നത്തിൽ കോടതി വിധി നടപ്പിലാക്കുവാൻ യാതൊരു നടപടിയും സ്വീകരികാത്തതെന്ന് കെ.എസ്.രാധാകൃഷ്ണൻ ചോദിച്ചു. പരമോന്നത നീതി പീഠം ഓർത്തോഡോക്സ് സഭയ്ക്ക് നൽകിയ നീതി നിഷേധിക്കാൻ മുഖ്യമന്ത്രിക്കാവില്ല. സഭ വിഷയത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും കെ.എസ്.രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.