കൊച്ചി: കോതമംഗലം പള്ളി കേസിൽ ആഭ്യന്തര അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസിനെതിരെ ഓർത്തഡോൿസ് വിഭാഗം ഹൈകോടതിയിൽ. കേസിൽ കള്ള സത്യവാങ്മൂലം നൽകിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപിച്ചിട്ടുള്ളത്. ടി.കെ ജോസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പള്ളിതർക്കത്തിൽ സമാവായ ചർച്ചകൾ തുടരുന്നതിനാൽ സാവകാശം വേണമെന്നും പള്ളികൾ പിടിച്ചെടുക്കാനോ സംഘർഷമുണ്ടാക്കാനോ ശ്രമിക്കില്ലന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ ഉണ്ടന്നും ടി.കെ.ജോസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കലക്ടർക്കെതിരെ എടുത്ത കോടതിയലക്ഷ്യക്കേസിലായിരുന്നു ടി.കെ.ജോസിന്റെ സത്യവാങ്ങ്മൂലം.
Also Read: സർക്കാർ കബളിപ്പിക്കുന്നു; കോതമംഗലം ചെറിയപള്ളി വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ള യാതൊരു ധാരണയും സർക്കാരുമായി ഉണ്ടാക്കിയിട്ടില്ലെന്നും ഓർത്തഡോൿസ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ കോടതിയെ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Also Read: നടി ആക്രമിക്കപ്പെട്ട സംഭവം: വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാനായി മാറ്റി
ജില്ലാ കലക്ടർ തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലന്നും പൊലിസ് പരാജയമാണന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യക്കേസ് വിധി പറയാനായി ജസ്റ്റീസ് പി.ബി.സുരേഷ് കുമാർ മാറ്റി. രണ്ടു ദിവസത്തിനകം ഉത്തരവുണ്ടാവുമെന്നും അതിനു മുൻപ് സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ആവാമെന്നും കോടതി വ്യക്തമാക്കി. പൊലീസിനെ വിശ്വസിക്കാൻ ആവില്ല. വിധി നടപ്പാക്കുന്നതതിന് ഒരു വർഷം കോടതി കാത്തിരുന്നു. ഇനി അനുവദിക്കാനാവില്ല. സ്റ്റേറ്റ് അറ്റോർണി പരാജയമാണന്നും കോടതി വിമർശിച്ചു.