scorecardresearch
Latest News

ആശ്വാസമായി രോഗമുക്തി; ആശങ്കപ്പെടുത്തി സമ്പർക്ക രോഗബാധ

രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞെങ്കിലും വിവിധ ജില്ലകളിലെ സാഹചര്യം കൂടുതൽ ജാഗ്രത വേണമെന്ന് ബോധ്യപ്പെടുത്തുന്നതായി മുഖ്യമന്ത്രി

ആശ്വാസമായി രോഗമുക്തി; ആശങ്കപ്പെടുത്തി സമ്പർക്ക രോഗബാധ

സംസ്ഥാനത്ത് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവർ എന്നത് ആശ്വാസകരമാണ്. എന്നാൽ ആകെ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇന്നും കൂടുതലാണെന്നത് ആശങ്കാകരമാണ്.

ഇന്ന് പുതിയതായി 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടി. 724 പേരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.  ഇന്ന് രോഗം ബാധിച്ചവരിൽ 56 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ബുധൻ വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നിരുന്നു. 1078 പേർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 798 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 432 പേർക്കായിരുന്നു വ്യാഴാഴ്ച രോഗമുക്തി. ഇന്നത് 968 ആയി വർധിച്ചത് ആശ്വാസ കരമാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ പുതുതായി കണ്ടെത്തിയത്. 167 പേർക്കാണ് ഇന്ന് തലസ്ഥാന ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഇത് 200 കടന്നിരുന്നു.

തിരുവനന്തപുരത്തിന് പുറമെ കൊല്ലം, കാസർഗോഡ് ജില്ലകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. കോഴിക്കോട്, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ഇന്ന് അൻപതോ അതിലധികമോ കോവിഡ് ബാധകൾ പുതുതായി റിപ്പോർട്ട് ചെയ്ചു.

Kerala Covid Tracker: ഇന്ന് 885 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതിയതായി 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 968 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം, കാസർഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 56 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 64 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 24 ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 167
  • കൊല്ലം – 133
  • കാസർഗോഡ് – 106
  • കോഴിക്കോട്- 82
  • എറണാകുളം – 69
  • മലപ്പുറം – 58
  • പാലക്കാട് -58
  • കോട്ടയം – 50
  • ആലപ്പുഴ – 44
  • തൃശൂർ – 33
  • ഇടുക്കി – 29
  • പത്തനംതിട്ട – 23
  • കണ്ണൂർ – 18
  • വയനാട് – 15

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

  • തിരുവനന്തപുരം – 101
  • കൊല്ലം – 54
  • പത്തനംതിട്ട – 81
  • ആലപ്പുഴ – 49
  • കോട്ടയം – 74
  • ഇടുക്കി – 96
  • എറണാകുളം – 151
  • തൃശൂർ – 12
  • പാലക്കാട് – 63
  • മലപ്പുറം – 24
  • കോഴിക്കോട് – 66
  • വയനാട് – 21
  • കണ്ണൂർ – 108
  • കാസർഗോഡ് – 68

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16995

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. 9371 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,56,767 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

25160 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

സംസ്ഥാനത്ത് ഇന്ന് 25160 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇവ ഉൾപ്പടെ സംസ്ഥാനത്ത് 3,38,038 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9185 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്.

സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 109635 സാമ്പിളുകൾ പരിശോധിച്ചതിൽ 105433 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 453 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതൽ ജാഗ്രത വേണം

പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിൽ നിന്ന് താന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സാഹചര്യം കൂടുതൽ ജാഗ്രത വേണമെന്ന് ബോധ്യപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍പ്ലാന്‍

സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു.

പ്രതീകാത്മക ചിത്രം

രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്‍റൈനിലാക്കുകയാണ്. അതിര്‍ത്തികടന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാംഘട്ടത്തിലെ രോഗപ്പകര്‍ച്ച പ്രതീക്ഷിച്ചത്

ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും കൃത്യനിഷ്ഠയോടെ നടത്തിയ ഇടപെടലുകള്‍ വൈറസിന്‍റെ വ്യാപനം കുറയ്ക്കുവാനും മരണനിരക്ക് കുറക്കുവാനും സഹായിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യ രണ്ട് ഘട്ടത്തിലും രോഗപ്പകര്‍ച്ച ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. മൂന്നാംഘട്ടത്തിലെ രോഗപ്പകര്‍ച്ച എല്ലാവരും പ്രതീക്ഷിച്ചതാണ്.

ലോകത്തിന് മുന്നില്‍ രോഗ പകര്‍ച്ചയുടെ ഉയര്‍ച്ചയും മരണനിരക്കും കുറയ്ക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന്‍റെ നേട്ടം. ഇന്നലെ വരെ 16,110 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരണ സംഖ്യ 50 മാത്രമാണ്.
മരണനിരക്ക് മറ്റുപല രാജ്യങ്ങളിലും 4 ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 0.31 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് യാദൃച്ഛികമായ അനുഭവമല്ല. കഠിന പ്രയത്നത്തിന്‍റെ ഗുണഫലമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനാ സൗകര്യം വർധിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് വേണ്ടത്ര കോവിഡ് പരിശോധനകള്‍ നടത്തുന്നില്ല എന്ന വാദം മുഖ്യമന്ത്രി നിഷേധിച്ചു. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ട്രൂ നാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സര്‍ക്കാര്‍ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയര്‍പോര്‍ട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്‍റിജന്‍ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവില്‍ 84 ലാബുകളില്‍ കോവിഡിന്‍റെ വിവിധ പരിശോധനകള്‍ നടത്താനാകും. 8 സര്‍ക്കാര്‍ ലാബുകളില്‍ കൂടി പരിശോധിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള അനുമതി നല്‍കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Breaking: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണിനു സാധ്യതയില്ല; നിയന്ത്രണങ്ങൾ കടുപ്പിക്കും

തുടക്കത്തില്‍ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ല്‍ കൂടുതലെത്തിക്കാന്‍ കഴിഞ്ഞു. പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.

coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news, കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.  ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധനകള്‍ വെച്ച് 5 ശതമാനത്തിന് താഴെ കേസുകളാണെങ്കില്‍ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്.

30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെഎംഎസ്സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്ക്ക് അവ ശേഖരിക്കാനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനാല്‍ പരിശോധന കുറയുന്നു എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവസം തോറും പുതിയ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതായി സർക്കാർ

സംസ്ഥാനത്ത് ദിവസം തോറും കോവിഡ് ചികിത്സയ്ക്കുള്ള പുതിയ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടെത്തുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് സ്റ്റേജുകളായാണ് സിഎഫ്എല്‍ടിസികള്‍ തയ്യാറാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 86 സിഎഫ്എല്‍ടിസികളും 11,284 കിടക്കകളും രണ്ടാം ഘട്ടത്തില്‍ 253 സിഎഫ്എല്‍ടിസികളും 30,598 കിടക്കകളും മൂന്നാംഘട്ടത്തില്‍ 480 സിഎഫ്എല്‍ടിസികളിലായി 36,400 കിടക്കകളും സജ്ജമാണ്. ദിവസം തോറും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നുണ്ട്.

സിയാൽ കൺവെൻ സെന്ററിൽ സജ്ജമാക്കിയ കോവിഡ് ചികിസ്താ കേന്ദ്രം. കടപ്പാട്: പിആർഡി

പൂള്‍ ഒന്ന്, പൂള്‍ രണ്ട്, പൂള്‍ മൂന്ന് എന്നിവ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ സജ്ജമാക്കിയത്. പൂള്‍ ഒന്നില്‍ 30,000ത്തോളം ജീവനക്കാരെ തെരഞ്ഞെടുത്ത് അതാത് ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് അവരെ ആവശ്യമായ സിഎഫ്എല്‍ടിസികളില്‍ നിയമിക്കും. പൂള്‍ രണ്ടിലും മൂന്നിലും കൂടി ആവശ്യമാണെങ്കില്‍ 50,000ത്തോളം ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള ആസൂത്രണം ആരോഗ്യ വകുപ്പില്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളെ സഹകരിപ്പിക്കും

കോവിഡ് രോഗബാധ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തിയതായി സർക്കാർ അറിയിച്ചു. ഇതുകൂടാതെ ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. 1129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 200ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സിഎഫ്എല്‍ടിസികളിലും ഇവരുടെ സേവനം ഉപയോഗിക്കും. ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ട്.

ക്ലസ്റ്റര്‍ കെയറിലൂടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫീല്‍ഡ് നിരീക്ഷണം, ചെക്ക് പോസ്റ്റ് നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തി. സെന്‍റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്‍റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. കേസ് വ്യാപനത്തിന്‍റെ ഭൂമിശാസ്ത്രപരമായ മാപ്പിങ്ങും അതനുസരിച്ച് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടപെടലും നടത്തുന്നുണ്ട്.

പ്രൈമറി കോണ്‍ടാക്ട്, സെക്കന്‍ററി കോണ്‍ടാക്ട് എന്നിവ തരംതിരിച്ച് കോണ്‍ടാക്റ്റ് ട്രെയ്സിങ് വിപുലമാക്കി. കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. കണ്ടൈന്‍മെന്‍റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്‍റൈന്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ക്ലസ്റ്ററുകളിൽ രോഗം കുറയുന്നില്ല

തിരുവനന്തപുരം ജില്ലയിലെ ലാർജ് ക്ലസ്റ്ററുകളിൽ രോഗം കുറയുന്നില്ലെന്നും സമീപ പ്രദേശങ്ങളിലേക്ക് രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. “തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി എന്നിവിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19, covid-19, കൊറോണവൈറസ്, coronavirus, പൂന്തുറ,poonthura, തിരുവനന്തപുരം, thiruvananthapuram, സമ്പര്‍ക്കത്തിലൂടെ രോഗം, ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍
പൂന്തുറ (ഫയൽ ചിത്രം)

ജില്ലയില്‍ 17 എഫ്എല്‍ടിസികളിലായി 2,103 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. 18 എഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജമാകും. ഇവിടെ 1,817 കിടക്കകള്‍ ഉണ്ടാകും. പുല്ലുവിളയില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ 671 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 288 എണ്ണം പോസിറ്റീവായി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറയിൽ  ജൂലൈ 20ന്  54 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18 പോസിറ്റീവായി.  21ന് 64 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15 പോസിറ്റീവായി.  22ന് 55 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 22 പോസിറ്റീവായി. 23ന് 49 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 14 പോസിറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുല്ലുവിളയിൽ ജൂലൈ 20ന് 50 സാമ്പിളില്‍ 11 എണ്ണം പോസിറ്റീവായി. 21ന് 46 സാമ്പിളില്‍ 22 എണ്ണം പോസിറ്റീവായി. 22ന് 48 സാമ്പിളില്‍ 22 എണ്ണം പോസിറ്റീവായി. 23ന്36 സാമ്പിളില്‍  8 എണ്ണം പോസിറ്റീവായെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗവ്യാപനത്തോത് കുറയുന്നുണ്ട്. എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ചിറയിൻകീഴ് സ്വദേശിക്ക്(46) മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 148 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

31 പൂന്തുറ സ്വദേശികൾക്കും, എട്ട് പുല്ലുവിള സ്വദേശികൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വഞ്ചിയൂർ, പെരുങ്കടവിള, കോട്ടപ്പുറം, ചെമ്പാവ്, മുടവൻമുഗൾ, പോത്തൻകോട്, ചെറിയതുറ, പെരിങ്ങമ്മല, മണക്കാട്, തിരുവല്ലം, കഴക്കൂട്ടം, മെഡിക്കൽ കോളേജ് ചാലക്കുഴി ലെയിൻ,കുടവൂർ, ശ്രീകാര്യം, വിഴിഞ്ഞം, ബീമാപള്ളി, വള്ളക്കടവ്, കാട്ടാക്കട മുലിയൂർകോണം, മൺവിള, , ഉച്ചക്കട, പേരൂർക്കട, മാധവപുരം, വലിയതുറ, ചാല, മുട്ടത്തറ, മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ മണനാക്ക്, പാപ്പനംകോട് കൈമനം, മാമൂട്ടുവിളാകം,പെരുംപനച്ചി, നേമം, എള്ളുവിള കട്ടികാട്, കോട്ടപ്പുറം, പാറശ്ശാല, കാരക്കോണം, തിരുവല്ലം, ചാക്ക, അമരവിള, വലിയവേളി, പൂവാർ, ചെമ്പാവ് കടയ്ക്കാവൂർ , തിരുപുറം മുള്ളുവിള, പി.എം.ജി, പള്ളിത്തുറ , മാരായമുട്ടം, പാൽകുളങ്ങര, കന്യാകുമാരി , മരിയനാട്, വെമ്പായം , മലപ്പുറം, പുതിയതുറ, നെട്ടത്തറ, വെള്ളറട, കോട്ടപ്പുറം, പെരിങ്ങമ്മല, കാക്കവിള, മാറനല്ലൂർ കൂവളശ്ശേരി , പുതുക്കുറിച്ചി, വള്ളിപ്പാറ, മണക്കാട്, വന്നിയക്കാട്, പരശുവയ്ക്കൽ, നാലാഞ്ചിറ, കരമന, വള്ളക്കടവ്, പേരൂർക്കട, നേമം, മരിയനാട്, ചിറയിൻകീഴ്, നെയ്യാറ്റിൻകര, ഈഞ്ചയ്ക്കൽ, കഴക്കൂട്ടം, ആര്യനാട്, തിരുമല, വട്ടിയൂർക്കാവ്, പത്തനംതിട്ട തിരുവല്ല, മടവൂർ, കൊല്ലംകോട് കലിംഗപുരം, കല്ലാടിമുഖം, കുളത്തൂർ മൺവിള , ചെങ്കൽ വട്ടവിള സ്വദേശികൾക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.

കോല്ലത്ത് 31 കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഒരാഴ്ചയ്ക്കുള്ളില്‍

കൊല്ലം ജില്ലയിലെ 33 കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലായി 4,850 കിടക്കകള്‍ സജ്ജീകരിച്ചുതായി മുഖ്യമമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 3,624 കിടക്കകള്‍ ഉള്ള 31 കേന്ദ്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാവും. അതോടെ 64 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി ആകെ കിടക്കകളുടെ എണ്ണം 8,474 ആവും.

കുമ്പഴ ക്ലസ്റ്ററില്‍ 205 പേര്‍ക്ക് രോഗം ബാധിച്ചു

പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ സമ്പര്‍ക്കംമൂലം ഇതുവരെ 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗവ്യാപനം ദൃശ്യമല്ലെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കി.

തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്‍റില്‍ സമ്പര്‍ക്കം മൂലം ഇതുവരെ 44 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 75 സിഎഫ്എല്‍ടിസികളിലായി 7,364 ബെഡുകളാണ് സജ്ജമാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സിഎഫ്എല്‍ടിസികളിലായി 624 ബെഡുകളാണ് ഉള്ളത്.

ആലപ്പുഴയിൽ തീരപ്രദേശത്തെ ക്ളസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുന്നു

ആലപ്പുഴ ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടിരുന്ന കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരപ്രദേശത്തെ ക്ളസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുന്നു. സമ്പര്‍ക്ക പട്ടികയിലെ 105 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ കടക്കരപ്പളളിയില്‍ 18 പേര്‍ക്കും ചെട്ടികാട് സമ്പര്‍ക്കപട്ടികയിലെ 465 പേരില്‍ 29 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3,140 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് കലക്ടര്‍ ഉള്‍പ്പെടെയുള്ളവർ വര്‍ക്ക് ഫ്രം ഹോമിൽ

കോട്ടയത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്‍റയിനില്‍ പ്രവേശിച്ച കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. ചങ്ങനാശേരിക്കും പായിപ്പാടിനും പുറമെ പാറത്തോട്, പള്ളിക്കത്തോട് എന്നിവയാണ് ജില്ലയിൽ നിലവിലുള്ള കോവിഡ് ക്ലസ്റ്ററുകള്‍. സിഎഫ്എല്‍ടിസികള്‍ക്കായി ഇതുവരെ 55 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. ഇതില്‍ വിപുല സൗകര്യങ്ങളുള്ള 33 കേന്ദ്രങ്ങളില്‍ മാത്രം 4,255 പേരെ താമസിപ്പിക്കാനാകും.

ഇടുക്കിയിൽ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍

ഇടുക്കി ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഇല്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ കൊന്നത്തടി, രാജാക്കാട് എന്നിവയാണ്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി അഞ്ചു താലൂക്കുകളിലായി 5,606 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. 3,114 പേര്‍ക്കുള്ള സൗകര്യം പൂര്‍ത്തിയായി.

എറണാകുളത്ത് ഗൗരവത്തോടെ കാണേണ്ട സാഹചര്യം

എറണാകുളം ജില്ലയില്‍ വൃദ്ധജനരോഗീപരിപാലന കേന്ദ്രങ്ങള്‍, കോണ്‍വെന്‍റുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനമുണ്ടായത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ ഒരു കെയര്‍ ഹോമിലെ 135 അന്തേവാസികളുടെ ആന്‍റിജന്‍ പരിശോധന നടത്തിയതില്‍ 40 പേരുടെ റിസല്‍ട്ടും പോസീറ്റീവാണ്. കെയര്‍ഹോമുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. പുറമേക്കുള്ള കെയര്‍ ഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തും.

പോസീറ്റീവായവരുടെ എണ്ണം കൂടുതലുള്ള കെയര്‍ഹോമുകളില്‍ തന്നെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജ്ജമാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലന്‍സ് സൗകര്യവും ഉണ്ടാകും. രോഗനിലയില്‍ വ്യത്യാസം കണ്ടാല്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും. ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തില്‍ 39 ശതമാനം കിടക്കകളാണ് ഇപ്പോള്‍ വിനിയോഗിച്ചിട്ടുള്ളത്. 47 ശതമാനം ഐസിയു സൗകര്യവും  26 ശതമാനം വെന്‍റിലേറ്ററുകളും ഉപയോഗിക്കുന്നുണ്ട്.

Covid-19, കോവിഡ് 19, Coronavirus, കൊറോണ വൈറസ്, India Covid Positive Cases, ഇന്ത്യയിലെ കോവിഡ് പോസിറ്റീവ് കേസുകൾ, coronavirus symptoms,symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

പ്രധാന ക്ലസ്റ്റര്‍ ആയ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.  സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കോര്‍പറേഷനിലെ ചില പ്രദേശങ്ങളിലും സമ്പര്‍ക്കം മൂലം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആകെ 109 എഫ്എല്‍ടിസികളിലായി 5,897 പൊസിറ്റീവ് കേസുകള്‍ അഡ്മിറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. 24 കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിച്ചു. 21 സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് ആശുപത്രികളിലെ ഐസിയുകളില്‍ ഇന്‍റന്‍സിവിസ്റ്റുകളുടെ സേവനം കൂടുതലായി ആവശ്യമായി വരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കൂടി സഹകരിച്ചാലേ ഇതിന് പരിഹാരമുണ്ടാകൂ.

ജില്ലയിൽ ഇന്ന് 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കളമശ്ശേരിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ മലപ്പുറം സ്വദേശി, കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ വാഴക്കുളം സ്വദേശി, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച തുറവൂർ സ്വദേശി, പോലീസ് ഉദ്യോഗസ്ഥരായ കുമ്പളം,തൃക്കാക്കര, ആലങ്ങാട് സ്വദേശികൾ എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ചെല്ലാനം സ്വദേശികളായ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വാഴക്കുളം , പിണ്ടിമന, കുമാരപുരം, വെങ്ങോല,ചെങ്ങമനാട്, ഏലൂർ, എടത്തല, ചൂർണിക്കര, ചേരാനെല്ലൂർ, കാക്കനാട്, തൃപ്പുണിത്തുറ, കീഴ്മാട്, ചേർത്തല, കരുമാല്ലൂർ, തുറവൂർ, വാരപ്പെട്ടി, കുന്നുകര, നോർത്ത് പറവൂർ, ആലങ്ങാട്, മൂത്തകുന്നം, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, മൂക്കന്നൂർ, കാലടി, കുമ്പളം, ആലുവ, നെല്ലിക്കുഴി, കുട്ടമ്പുഴ, കരുമാല്ലൂർ സ്വദേശികൾക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.

തൃശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുന്നു

തൃശൂരില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ജില്ലയിൽ സമ്പര്‍ക്ക വ്യാപനം കൂടുകയാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശൂരിലാണ്.

ജില്ലയിൽ നിലവിൽ 40 തദ്ദേശ സ്ഥാപന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട് പഞ്ചായത്തിലേക്ക് വ്യാപിക്കുന്നുണ്ട്. നാളെ വൈകിട്ട് മുതല്‍ ഇവിടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 30 സിഎഫ്എല്‍ടിസികള്‍ തയ്യാറായി. ഇതില്‍ 6,033 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

പട്ടാമ്പി ക്ലസ്റ്ററിൽ നിന്നുളള 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നെടുംപുര സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (12 വയസ്സുള്ള ആൺകുട്ടി), (58, സ്ത്രീ), മാരാത്ത്കുന്ന് സ്വദേശി (50, പുരുഷൻ), കടവല്ലൂർ സ്വദേശി (3 വയസ്സുള്ള പെൺകുട്ടി), കടവല്ലൂർ സ്വദേശി(26, സ്ത്രീ), കടവല്ലൂർ സ്വദേശി (3, പെൺകുഞ്ഞ്), കടവല്ലൂർ(27, സ്ത്രീ), കടവല്ലൂർ (48, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുളളത്.

രോഗഉറവിടമറിയാത്ത 9 പേർ പോസിറ്റീവായി. പൈനൂർ സ്വദേശി (42, പുരുഷൻ), താന്ന്യം സ്വദേശി (52, സ്ത്രീ), അവിണിശ്ശേരി സ്വദേശി (28, പുരുഷൻ), ചാലക്കുടി സ്വദേശി (30, പുരുഷൻ), ചാലക്കുടി സ്വദേശി(52, പുരുഷൻ), ചാലക്കുടി സ്വദേശി(45, സ്ത്രീ), പുത്തൻചിറ സ്വദേശി (40, പുരുഷൻ), വെള്ളിക്കുളങ്ങര സ്വദേശി (53, പുരുഷൻ), കൂടപ്പുഴ സ്വദേശി (49, പുരുഷൻ). വട്ടേക്കാട് സ്വദേശി (47, സ്ത്രീ), നടത്തറ സ്വദേശി (32 വയസ്സ്, പുരുഷൻ) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുടയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍

തൃശൂർ: തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതലാണ് നിയന്ത്രണങ്ങൾ നിലവിൽവരിക. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്ക പരത്തുന്നു. നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ അടച്ചു.

ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

  • അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല.
  • വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കും.
  • മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ 2 വീതം തുറക്കാവുന്നതാണ്. ഏതെല്ലാം സ്ഥാപനങ്ങൾ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപനതലത്തിൽ തീരുമാനിക്കും.
  • നിത്യോപയോഗസാധനങ്ങൾ ആവശ്യമുളളവർ വാർഡ്തല സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഈ കടകളിൽ നിന്ന് അവ വാങ്ങണം. ഇവയുടെയും പ്രവർത്തനസമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും. റേഷൻകടകൾ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും.
  • റേഷൻസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ റേഷൻകാർഡ് കൈയിൽ കരുതേണ്ടതും ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കായി നൽകേണ്ടതുമാണ്. വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്.
  • ആശുപത്രി, നഴ്‌സിങ്ങ് ഹോം, ലാബോറട്ടറി, ആംബുലൻസ്, കെഎസ്ഇബി, വാട്ടർ അതോറിറ്റിയെ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളിൽ പൊതുവാഹനഗതാഗതം നിരോധിച്ചു.
  • ദീർഘദൂര ബസ്സുകളും ഇവിടെ ഏർപ്പെടുത്തിയിട്ടുളള ഗതാഗതനിയന്ത്രണം പാലിച്ച് സർവീസ് നടത്തണം. ക്ലസ്റ്റർ മേഖലയിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
  • നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികൾ സംഘടിപ്പിക്കാനോ പാടില്ല.
  • ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ട പോലീസ്, അഗ്നിശമന സേന, വാട്ടർ അതോറിറ്റി, റവന്യൂ, ആരോഗ്യം, ട്രഷറി, തദ്ദേശവകുപ്പുകൾ തടസ്സമില്ലാതെ പ്രവർത്തിക്കും.
  • അവശ്യസർവീസ് അല്ലാത്ത ഓഫീസുകളിൽ അതത് ഓഫീസ് മേധാവികൾ വർക്ക് ഫ്രം ഹോം സൗകര്യമേർപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

ജൂലൈ 25 ശനിയാഴ്ച വൈകീട്ട് 5 മണി മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. ഞായറാഴ്ചകളിൽ ജില്ലയിൽ പൊതുലോക്ക്ഡൗൺ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

ഗതാഗതക്രമീകരണം ഏർപ്പെടുത്തി

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്നതിന്റെ ഭാഗമായി ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

  • തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ, പെരുമ്പിളളിശ്ശേരി, ചിറയ്ക്കൽ, പഴുവിൽ, പെരിങ്ങോട്ടുകര, തൃപ്രയാർ വഴി പോകണം.
  • കൊടുങ്ങല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്നവരെ വെളളാങ്കല്ലൂരിൽ തടയും.
  • മുരിയാട് പഞ്ചായത്തിലേക്കുളള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂർണ്ണമായി അടച്ചിടും.
  • നന്തിക്കര ഭാഗത്ത് നിന്ന് കോന്തിപുരം പാടം വരെ മാത്രമേ യാത്ര അനുവദിക്കൂ.
  • പോട്ട-മൂന്നുപീടിക റൂട്ടിലെ ഗതാഗതവും നിരോധിക്കും.
  • ഗതാഗതനിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.

പട്ടാമ്പിയിലെ പരിശോധനയിൽ 38 പേര്‍ക്ക് പോസിറ്റീവ്

പാലക്കാട് പട്ടാമ്പിയിലെ രോഗബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന തുടരുകയാണ്. പരിശോധനയിൽ പുതുതായി 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.

മലപ്പുറത്ത് മൂന്ന് ക്ലസ്റ്ററുകൾ

മലപ്പുറം ജില്ലയില്‍ മൂന്ന് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി നഗരസഭയിലെ എല്ലാ വാര്‍ഡുകളുമാണ് കമ്യൂണിറ്റി ക്ലസ്റ്ററായി തുടരുന്നത്. ലാര്‍ജ് ക്ലസ്റ്ററായിരുന്ന പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ക്ലസ്റ്ററായിരുന്ന താനൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങളും ഒഴിവാക്കി. ജില്ലയില്‍ 59 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാണ് ഒരുങ്ങുന്നത്. 5,793 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും.

കോഴിക്കോട്ട് നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപന ഭീതി

കോഴിക്കോട് ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 50 ഇടങ്ങളിലായി ഒരുക്കിയ എഫ്എല്‍ടിസികളില്‍ 4,870 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ തൂണേരിയാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. ചെക്യാട് ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും ഈ വ്യക്തിയുമായി ഇടപഴകിയവരും ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചോറോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ജډദിനാഘോഷം നടന്നത് ജൂലൈ 15നാണ്. കൊവിഡ് സമ്പര്‍ക്ക ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടന്നത്. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ.ചെക്യാട് – 26, തിരുവള്ളൂര്‍ – 10, പുറമേരി – 2, കോഴിക്കോട് കോര്‍പ്പറേഷന്‍ – 15, കുന്ദമംഗലം – 6, വടകര – 6, പെരുമണ്ണ – 1, ഒളവണ്ണ- 1,
തിരുവങ്ങൂര്‍-1, മടപ്പള്ളി – 1, വില്ല്യാപ്പള്ളി – 1, എടച്ചേരി- 1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി – 1. എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.

കോഴിക്കോട് കോർപറേഷനിലാണ് രണ്ട് മരണവും. ഇവർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത മൂന്നു പോസിറ്റീവ് കേസുകള്‍ ഇന്ന് റിപ്പോർട്ട് ചെയ്തു. കുറ്റ്യാടി സ്വദേശിനിയായ സ്ത്രീ (22), എടച്ചേരി സ്വദേശിയായ പുരുഷന്‍ (65), തിരുവളളൂര്‍ സ്വദേശിനിയായ സ്ത്രീ (40) എന്നിവർക്കാണ് ഉറവിടം വ്യക്തമല്ലാത്ത രോഗബാധ.

വയനാട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഇല്ല

വയനാട് ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഉണ്ടായിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടര്‍നാട് പ്രദേശം തുടരുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകളാണ്.

ജില്ലയില്‍ 20 എഫ്എല്‍ടിസികളിലായി 2,630 കിടക്കകള്‍ സജ്ജീകരിച്ച് കഴിഞ്ഞു. 5,660 ബെഡുകളുടെ സൗകര്യത്തില്‍ 52 കേന്ദ്രങ്ങള്‍ എഫ്എല്‍ടിസികളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതില്‍ 157 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.

നാദാപുരത്ത് നിന്നെത്തി ചികിത്സയില്‍ കഴിയുന്ന എടവക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുളിഞ്ഞാല്‍ സ്വദേശി (21), ജൂലൈ 21 മുതല്‍ ചികിത്സയിലുള്ള തൃശ്ശിലേരി സ്വദേശിയായ 48 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (52), ജൂലൈ 12 മുതല്‍ ചികിത്സയിലുള്ള ബൈരക്കുപ്പ സ്വദേശിയായ 75 കാരിയുടെ സമ്പര്‍ക്കത്തിലുള്ള ബൈരക്കുപ്പ സ്വദേശി (39), എറണാകുളത്ത് ചികിത്സയിലുള്ള കല്‍പ്പറ്റ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 53 കാരന്‍, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മാനന്തവാടി സ്വദേശി (24), മക്കിയാട് സ്വദേശി (27) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ 7,178 കിടക്കകള്‍ സജ്ജമാക്കി

കണ്ണൂരില്‍ ഫസ്റ്റ്ലൈന്‍ ചികിത്സ കേന്ദ്രങ്ങളില്‍ ആകെ 7,178 കിടക്കകള്‍ സജ്ജമാക്കിയതായി സർക്കാർ വ്യക്തമാക്കി. ഇതില്‍ 2,500 കിടക്കകള്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളോട് അനുബന്ധിച്ചാണ്. ബാക്കി 4,678ല്‍ പഞ്ചായത്തുകളില്‍ 2,632, മുന്‍സിപ്പാലിറ്റി 1,296, കോര്‍പറേഷന്‍ 750. എന്നിങ്ങനെ യാണ് കിടക്കകള്‍ ഒരുക്കിയിട്ടുള്ളത്.

കാസര്‍ഗോട്ട് ആറ് കമ്യൂണിറ്റി ക്ലസറുകൾ

കാസര്‍കോട് ജില്ലയില്‍ ആറ് കമ്യൂണിറ്റി ക്ലസറുകളാണ്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്. ഹൊസങ്കടിയിലെ പ്രിയദര്‍ശിനി ലാബിനെ കമ്യൂണിറ്റി ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിൽ ഇന്ന് 106 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 68 പേർ രോഗമുക്തരായി.ജില്ലയിൽ രണ്ടു പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ചിത്താരി തണ്ണോട്ട് മാധവൻ (68) എന്നിവരാണ് മരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് ഇന്നാണ്.

ജില്ലയില്‍ നിലവില്‍ ആറ് കമ്മ്യൂണിറ്റി ക്ലസറുകളാണ് ഉള്ളത്. കാസര്‍കോട് മാര്‍ക്കറ്റ്, ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്റര്‍, മംഗല്‍പാടി വാര്‍ഡ് 3, മഞ്ചേശ്വരം വാര്‍ഡ് 11,12,13, കുമ്പള വാര്‍ഡ് 12, കുമ്പള വാര്‍ഡ് 1 എന്നിവയാണ് ജില്ലയില്‍ രൂപം കൊണ്ട ക്ലസ്റ്ററുകള്‍. കൂടാതെ കാസറഗോഡ് മാര്‍ക്കറ്റ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട് . ഹൊസങ്കടിയിലെ പ്രിയദര്‍ശിനി ലാബിനെ കമ്മ്യൂണിറ്റി ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത നില്‍ക്കുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

തലസ്ഥാനത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കോവിഡ്

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്റലിജൻസ് ആസ്ഥാനത്തെ പൊലീസുകാരനും റൂറല്‍ എസ്‌പി ഓഫിസിലെ പൊലീസുകാരനും എആര്‍ ക്യാംപിലെ പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്റലിജൻസ് ആസ്ഥാനത്തെ ഡ്രൈവര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് ബാധിതൻ തടവുചാടി

കോവിഡ് സ്ഥിരീകരിച്ച ജയിൽപുള്ളി തടവുചാടി. കോവിഡ് ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജയിൽപുള്ളിയാണ് തടവുചാടിയത്. മൊബെെൽ മോഷണ കേസിലെ പ്രതിയാണ് ഇയാൾ. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നാണ് ആറളം സ്വദേശിയായ ഇയാൾ തടവുചാടിയത്. പൊലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറളം പൊലീസ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകേണ്ടിവന്നു. റിമാൻഡിലായിരുന്ന പ്രതിയെ 21 നാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

സമ്പൂർണ ലോക്ക്‌ഡൗണ്‍ ഗുണം ചെയ്യില്ലെന്ന് സിപിഎം

സമ്പൂർണ ലോക്ക്‌ഡൗൺ വേണ്ട എന്ന നിലപാടിലാണ് സിപിഎം സെക്രട്ടേറിയറ്റ്. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് നല്ലതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇക്കാര്യം സർവകക്ഷിയോഗത്തിൽ അറിയിച്ചു. സമ്പൂർണ ലോക്ക്‌ഡൗണ്‍ ഗുണം ചെയ്യില്ലെന്നാണ് പാർട്ടി നിലപാട്.

കോട്ടയത്ത് പിജി ഡോക്‌ടർമാർക്ക് കോവിഡ്

കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഒരാള്‍ക്കും പാതോളജി വിഭാഗത്തിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം പിജി ഡോക്ടര്‍മാര്‍ക്ക് രോഗബാധ ഉണ്ടായത് എന്ന് കരുതുന്നു.

കോട്ടയത്ത് കെഎസ്‌ആർടിസി ഡ്രെെവർക്ക് കോവിഡ്

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് കോവിഡ്. കണ്ടക്‌ടറേയും വെഹിക്കിൾ സൂപ്പർവൈസറേയും ക്വാറന്റെെനിലാക്കി ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവർ അവസാനമായി ഡ്യൂട്ടിക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു.

കെ.മുരളീധരൻ എംപിക്ക് കോവിഡ് പരിശോധന

കെ മുരളീധരന്‍ എംപിക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം. കോവിഡ് പരിശോധന നടത്തണമെന്ന്‌ കോഴിക്കോട് ജില്ലാ കലക്‌ടർ എംപിക്ക് നിർദേശം നൽകി. എംപിക്കു പുറമേ അദ്ദേഹത്തിന്റെ ഡ്രെെവറോടും കോവിഡ് പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഡോക്‌ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽവച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. മുരളീധരൻ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. എംപിയോട് നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്.

മേയർ കെ.ശ്രീകുമാർ നിരീക്ഷണത്തിൽ

മേയർ കെ.ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ സ്വയം നിരീക്ഷണത്തിൽ പോയത്. കോവിഡ് പരിശോധനക്ക് വിധേയമായതിന് ശേഷമാണ് മേയർ നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം നഗരസഭയിലെ മൂന്ന് കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

തൃശൂരിൽ സ്ഥിതി ഗുരുതരം

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കായി എത്തിയ രണ്ട് പേർക്ക് കോവിഡ്. ഇതേ തുടർന്ന് ആശുപത്രിയിലെ ഡോക്‌ടർമാർ അടക്കം 50 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇരിങ്ങാലക്കുടയിൽ കോവിഡ് വ്യാപനം രൂക്ഷമായി.

നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്ട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ(70)യാണ് വ്യാഴാഴ്ച മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് കോയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.

കൊച്ചിയില്‍ കന്യാസ്ത്രീമഠത്തിലെ കോവിഡ് രോഗി മരിച്ചു

കൊച്ചി കാക്കനാട്ട് കന്യാസ്ത്രീ മഠത്തിലെ രോഗി മരിച്ചു. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

കുമ്പളയില്‍ പൊലീസുകാരന് കോവിഡ്; 20 സഹപ്രവർത്തകർ ക്വാറന്റൈനിൽ

കാസർഗോഡ് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാർ ക്വാറന്റൈനിൽ പോയി. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ പൊലീസുകാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. കാസര്‍ഗോഡ് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്.

കോവിഡ് പ്രതിരോധം, ലോക്ക്ഡൗൺ: ഇന്ന് സർവകക്ഷി യോഗം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ചും ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ച കഴിഞ്ഞ് മൂന്നിനു വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസംവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ വരുമെന്ന് തന്നെയാണ് സൂചന. ലോക്ക്ഡൗൺ വേണമെന്ന നിലപാടിൽ ആരോഗ്യവകുപ്പ് ഉറച്ചുനിൽക്കുകയാണ്.

ഇന്നലെ പുതിയതായി 1078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന വർധനവാണിത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 798 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്.

മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

മലപ്പുറം ജില്ലയിൽ നിരീക്ഷണത്തിൽ കോവിഡ് കഴിഞ്ഞിരുന്നയാൾ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു ഇദ്ദേഹം വിദേശത്തുനിന്ന് എത്തിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുകയാണ്.

ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ 14 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ

കോഴിക്കോട് ജില്ലയിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഉദയം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തിയതായി ജില്ലാ ഭരണകൂടം. ‘ഉദയം പദ്ധതി’ പ്രകാരം ജില്ലാ ഭരണകൂടം നിരവധി പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ ലഭ്യമാക്കുന്നതു സംബന്ധിച്ച് അധികൃതർ പത്രപ്പരസ്യം നൽകിയിരുന്നു. ഇതേ തുടർന്ന് വീട്ടു ജോലി,പാചകം, തെങ്ങുകയറ്റം, ഡ്രൈവിങ് , ക്ലീനിങ് , ഇലക്ട്രിക്ക് വർക്ക്, പ്ലംബിംഗ്, കാർഷികജോലി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികളെ ആവശ്യപ്പെട്ട് ധാരാളം ആളുകൾ ബന്ധപ്പെട്ടിരുന്നു.

ജില്ലാ ഭരണകൂടം, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോർപറേഷൻ, സാമൂഹ്യനീതി വകുപ്പ് എന്നിവ സംയുക്തമായി ‘തണൽ’ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫസ്റ്റ് ലൈൻ ചികിത്സ: കോഴിക്കോട്ട് 5646 കിടക്കകൾ സജ്ജം

കോവിഡ് 19 സമ്പർക്ക വ്യാപനത്തിലൂടെ രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ ചികിത്സ ലഭ്യമാക്കാനായി ഒരുക്കേണ്ടുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണത്തിൽ കോഴിക്കോട് ജില്ലയിൽ ലക്ഷ്യം കവിഞ്ഞ നേട്ടമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജൂലൈ 23 നകം ജില്ലയിലെ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളിൽ തയ്യാറാവേണ്ടിയിരുന്നത് 4400 കിടക്കകൾ ആണ്. ഈ ലക്ഷ്യത്തെയും മറികടന്ന് 5646 കിടക്കകളാണ് വിവിധ കേന്ദ്രങ്ങളിലായി സജ്ജമായത്. 50 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ രോഗികളെ പാർപ്പിക്കാൻ പൂർണ സജ്ജമായിട്ടുണ്ട്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം

രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം അരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 49,310 പേർക്ക്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 740 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി ഉയർന്നു. ആകെ മരണസംഖ്യ 30,601 ആയി. 4,40,135 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 8,17,209 പേർ രോഗമുക്തി നേടി. ഇന്നലെമാത്രം രാജ്യത്ത് 3,52,801 സാംപിളുകൾ പരിശോധിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Oronavirus kerala covid 19 tracker news wrap july 24 updates

Best of Express