Latest News

കോവിഡ്-19: സാനിറ്റൈസർ ടണലുകൾ അശാസ്ത്രീയം; അത്തരം കാര്യങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി

ടണലുകളുടെ ശാസ്ത്രീയത സംബന്ധിച്ച് ചോദ്യങ്ങളുയർന്നിരുന്നു

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ പേരിൽ സംസ്ഥാനത്തെ മാർക്കറ്റുകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിച്ച സാനിറ്റൈസർ ടണലുകൾ അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “ഒരു ടണല്‍ ഉണ്ടാക്കി അതിലൂടെ കടന്നുപോയാല്‍ സാനിറ്റെെസ് ചെയ്യും എന്ന പരീക്ഷണം ചില സ്ഥലങ്ങളില്‍ തുടങ്ങിയത് കണ്ടു. അത് അശാസ്ത്രീയമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതില്ല എന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്,”- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: തൃശൂരിലെ കോവിഡ്-19 പ്രതിരോധ ടണല്‍ ആരോഗ്യത്തിന്‌ സുരക്ഷിതമാണോ?

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാനിറ്റൈസർ ടണലുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർമാർ നടപടി ആരംഭിച്ചു. ജില്ലയിലെ എല്ലാ ടണലുകളും നിർത്തിവയ്ക്കാൻ തൃശൂർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. തൃശൂര്‍ ജില്ലയിലെ ശക്തന്‍ മാര്‍ക്കറ്റ്, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിൽ ഇത്തരം തുരങ്കങ്ങള്‍ സ്ഥാപിച്ചിരുന്നു. സോഡിയം ഹൈപ്പോ ക്ലോറേറ്റ് മിശിത്രം ഈ ടണലിൽ കൂടെ ടണലില്‍ കടത്തിവിടുകയാണ് ചെയ്യുക. അതിലൂടെ പോകുന്ന ആളിനെ ഈ മിശിത്രം അണുവിമുക്തമാക്കുമെന്നാണ് ഇത് സംബന്ധിച്ച വിശദീകരണം. മാര്‍ക്കറ്റിലേക്കും ആശുപത്രിയിലേക്കും പ്രവേശിക്കുന്നവര്‍ ഈ കവാടത്തിലൂടെ കടന്നു വേണം പോകാന്‍.

ജില്ലയിൽ ചാലക്കുടി മാർക്കറ്റിലും തുരങ്കം സ്ഥാപിച്ചിരുന്നു. മർച്ചന്റ് അസോസിയേഷൻ, റോട്ടറി ക്ലബ് എന്നിവയുമായി സഹകരിച്ച് ചാലക്കുടി നഗരസഭയാണ് ഈ സംവിധാനം ഒരുക്കിയത്. ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും മുളങ്കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലും ഇത്തരം തുരങ്കമൊരുക്കാന്‍ തീരുമാനിച്ചിരുന്നു. തമിഴ് നാട്ടിലെ ചില മാർക്കറ്റുകളിലും സമാനമായ തരത്തിൽ തുരങ്കങ്ങൾ സ്ഥാപിച്ചിരുന്നു.

ടണലുകളുടെ ശാസ്ത്രീയത സംബന്ധിച്ച് നേരത്തേതന്നെ ചോദ്യങ്ങളുയർന്നിരുന്നു. ടണലുകളിലെ പുകമഞ്ഞിലെ സോഡിയം ഹൈപ്പോ ക്ലോറൈറ്റിന്റെ ഗാഢത 0.25 ശതമാനമാണെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിൽ നിന്നു ലഭിച്ച വിവരം. ഈ ടണലുകളില്‍ ഈ മിശ്രിതം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടറോട് ഇക്കാര്യം പറഞ്ഞിരുന്നതായും അവർ പറയുന്നു. രാസവസ്തു ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആരോഗ്യവകുപ്പ് ഈ പദ്ധതിയെ എതിര്‍ത്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Also Read: അഗ്നിശമന സേന മരുന്നെത്തിച്ചത് 6323 പേര്‍ക്ക്; സഹായത്തിന് വിളിക്കാം 101-ല്‍

ടണലിന്റെ പ്രശ്നങ്ങളെക്കുറിച്ച് പരിശോധിക്കുനെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഇക്കാര്യത്തിൽ പ്രതികരണമറിയിക്കുകയും ചെയ്തിരുന്നു. തൃശൂരില്‍  സ്ഥാപിച്ച ടണലുകളിൽ 0.01 ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റാണ് ഉപയോഗിക്കുന്നതെന്നായിരുന്നു കളക്ടര്‍  ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞത്.മറ്റു ജില്ലകളെ മാതൃകയാക്കിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Oronavirus cm response on tunnels installed in market

Next Story
കോവിഡ് ബാധിച്ച പ്രവാസികൾക്ക് 10,000 രൂപ; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com