തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയുടെ നിരക്കുകൾ ഏകീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് മൃതസഞ്ജീവനിയുടെ അഞ്ചാമത് വാർഷികവും മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവർക്കും അവയവ ദാതാക്കൾക്കും ജനറിക് മരുന്നുകൾ വിലകുറച്ച് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വൻ ചെലവാണ് വേണ്ടിവരുന്നതെങ്കിലും സര്‍ക്കാര്‍ ആവിഷ്കരിച്ച ക്ഷേമപദ്ധതികള്‍ പോരാതെ വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു ‘ദാനം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും തുടർചികിത്സയ്ക്ക് വിലകൂടിയ മരുന്നുകൾ വേണം. സർക്കാർ ചില ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അത് തീർത്തും പര്യാപ്തമല്ല. പുതിയ ചില സഹായ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ജീവിച്ചിരിക്കുന്നവരുടെ അവയവമാറ്റത്തിനുള്ള നടപടികൾ ലഘൂകരിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കും. അവയവമാറ്റ കേന്ദ്രങ്ങളുടെ ഗുണനിലവാരവും പരിശോധിക്കും. അവയവമാറ്റം നടത്തിയവരുടെ ഡിജിറ്റൽ ഡാറ്റാ ബാങ്ക് തയ്യാറാക്കാനും ഉദ്ദേശിക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ