കോഴിക്കോട്: മരണത്തിനും തോൽപ്പിക്കാനായില്ല, മറ്റുള്ളവർക്ക് ജീവൻ പകുത്തുനൽകിയാണ് ഡോ.അഖിലേഷ് വിട പറയുന്നത്. മസ്‌തിഷ്‌കാഘാതത്തെ തുടർന്നു മരിച്ച കോഴിക്കോട് സ്വദേശി ഡോ.അഖിലേഷിന്റെ അവയവങ്ങൾ ദാനം ചെയ്‌തു.
മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് സ്വദേശിയായ ഡോ.അഖിലേഷിനെ (46) ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു. അവസാന സമയത്തും ‘മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക’ എന്ന ഒരു ഡോക്‌ടറുടെ കർത്തവ്യം നിറവേറ്റിയാണ് അഖിലേഷ് യാത്രയായത്. അഖിലേഷിന്റെ അവയവങ്ങൾ അഞ്ച് പേർക്ക് ഓണസമ്മാനമായി ലഭിച്ചു. ഒരുപക്ഷെ, അവരുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഓണസമ്മാനം.
Read Also: പൂച്ചയ്ക്കുള്ള കൊറോണവൈറസ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നു
ഡോ. അഖിലേഷിന്റെ ഒരു വൃക്ക 57 വയസ്സുള്ള രോഗിക്കാണ് മാറ്റിവച്ചത്. വർഷങ്ങളായി ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ഡയാലിസിസ് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോ.സുനിൽ ജോർജ് നേതൃത്വം നൽകുന്ന വൃക്കരോഗ വിദഗ്‌ധർ ഡോ.പൗലോസ് ചാലിയുടെ യൂറോളജി സംഘം, ഡോ.ജിതിനും ഡോ.ദീപയും അടങ്ങുന്ന അനസ്‌തേഷ്യ സംഘം എന്നിവരുടെ ദീർഘനേരത്തെ പരിശ്രമമാണ് അവയവങ്ങൾ മാറ്റിവയ്‌ക്കൽ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നിൽ.
ന്യൂറോ സർജൻ ഡോ.ശിവകുമാറും, ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ക്രിട്ടിക്കൽ കെയർ സംഘവും അവയവ മാറ്റത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. ഡോ. അഖിലേഷിന്റെ രണ്ട് കണ്ണുകൾ കോംട്രസ്റ്റ് ആശുപത്രിയ്ക്കും കരളും ഒരു വൃക്കയും മിംസ് ആശുപത്രിയ്ക്കും കൈമാറി.
അവയവ മാറ്റത്തിന് ആവശ്യമായ ഔപചാരിക നടപടികൾ മൃതസഞ്ജീവനിയുമായി ചേർന്ന് ക്ലിനിക്കൽ കോർഡിനേറ്റർ നിധിൻ രാജും കസ്റ്റമർ റിലേഷൻസ് സംഘവും സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു.