കൊല്ലം: മലയാളക്കരയുടെ തീരാവേദനയായിരുന്നു അനുജിത്തിന്റെ വിടപറച്ചിൽ. മരണത്തിനു കീഴടങ്ങിയപ്പോഴും എട്ട് പേർക്ക് ജീവൻ പകുത്തുനൽകിയാണ് അനുജിത്ത് യാത്രയായത്. അനുജിത്തിന്റെ ഹൃദയം, വൃക്കകൾ, രണ്ട് കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് മരണശേഷം ദാനം ചെയ്‌തത്. അവയവദാനത്തിലൂടെ കേരളത്തിനൊന്നാകെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിനു ആശ്വാസമേകി മോഹൻലാലിന്റെ ഫോൺകോൾ എത്തി.
Read Also: അന്ന് നിരവധി ജീവനുകൾ രക്ഷിച്ചു; ഇന്ന് മരണശേഷം എട്ടു പേരിലൂടെ അനുജിത്ത് ജീവിക്കും
അനുജിത്തിന്റെ ഭാര്യ പ്രിൻസി രാജുവിനെ ഫോണിൽ വിളിച്ചാണ് മോഹൻലാൽ ദു:ഖത്തിൽ പങ്കു ചേരുകയും ആശ്വസിപ്പിക്കുകയും ചെയ്‌തത്. അവയവദാനത്തിനു പിന്തുണയറിയിച്ച പ്രിൻസിയെ മോഹൻലാൽ ഫോണിലൂടെ അനുമോദിച്ചു. അവയവദാനത്തിലൂടെ എട്ട് പേർക്കു പുതുജീവൻ നൽകിയ അനുജിത്തിന്റെ മാതൃകയെ മോഹൻലാൽ അഭിനന്ദിച്ചു. അനുജിത്ത് മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയാണെന്നും നാടിനൊട്ടാകെ അഭിമാനമാണെന്നും മലയാളികളുടെ പ്രിയനടൻ പറഞ്ഞു. അനുജിത്തിന്റെ മകൻ എഡ്‌വിനോടും മോഹൻലാൽ സംസാരിച്ചു. ‘ഇത് മോഹൻലാൽ അങ്കിളാണെ’ന്നു പരിചയപ്പെടുത്തിയാണ് അനുജിത്തിന്റെ മൂന്ന് വയസുള്ള മകനോട് ലാൽ സംസാരിച്ചത്.
Read Also: ദുൽഖറായി മോഹൻലാൽ, ഫഹദായി മമ്മൂട്ടി; ബാംഗ്ലൂർ ഡെയ്‌സ് ഇങ്ങനെയായാലോ?
ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.