തിരുവനന്തപുരം: കണ്ണൂര്‍ തലശേരി ഗവൺമെന്റ് ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണമടഞ്ഞ 53 വയസ്സുകാരി പി വനജയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്തു. കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്ര പടലം എൻ്നിവയാണ് ദാനം ചെയ്തത്. കേരളത്തിൽ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്ക മരണം സംഭവിച്ചയാളിൽ നിന്ന് അവയവങ്ങൾ ദാനം ചെയ്യുന്നത്.
കണ്ണൂർ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനിയാണ് വനജ. കഴിഞ്ഞ വെള്ളിയാഴ്ച ചില അസ്വസ്തകള്‍ കണ്ടതിനെ തുടര്‍ന്ന് വനജയെ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിതെന്നും അവർ വ്യക്തമാക്കി.
Also Read: നോർവെയിൽ നിന്ന് കരിപ്പൂരിലെത്തിയ വിദ്യാർഥിനിക്ക് കോവിഡ്; ഒമിക്രോൺ സംശയം
മസ്തിഷ്ക മരണമടഞ്ഞ വനജയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭര്‍ത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആദരവറിയിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയ്ക്ക് മുന്‍കൈയ്യെടുത്ത ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ ആശാ ദേവിയെ മന്ത്രി അഭിനന്ദിച്ചു.