തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളിലെ അംഗത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിയമഭേദഗതി വരുത്തി. ഇത് സംബന്ധിച്ച ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ സഹകരണ ബാങ്കുകളിലെ ഇപ്പോഴത്തെ ഭരണസമിതികള്‍ ഇല്ലാതായി.
ഇനി പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ സംഘങ്ങൾക്കും മാത്രമായി അംഗത്വം പരിമിതപ്പെടുത്തുന്നതാണ് ഓർഡിനൻസ്. നിലവില്‍ മറ്റു സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വമുണ്ട്. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹകരണ റജിസ്റ്റ്രാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.
ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനം മുഴുവൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. നിക്ഷേപത്തില്‍ 70 ശതമാനത്തിന് പുറമേ വായ്പയുടെ സിംഹഭാഗവും പ്രാഥമിക കാർഷിക സംഘങ്ങൾക്കാണ് നൽകിയിരിക്കുന്നത്. ഇതിനാലാണ് കാര്‍ഷിക മേഖലയെ കൂടുതല്‍ സഹായിക്കാന്‍ സഹകരണ മേഖലക്ക് കഴിയുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു.
കാര്‍ഷിക മേഖലയുടെ പ്രതിസന്ധി ഫലപ്രദമായി നേരിടുന്നതിൽ ജില്ല സഹകരണ ബാങ്കുകളുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള മറ്റു സൊസൈറ്റികള്‍ക്ക് ജില്ലാ ബാങ്കില്‍ നോമിനല്‍ അംഗത്വം നല്‍കും. ഇവര്‍ക്ക് വായ്പ ലഭിക്കും.
വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാതിരുന്നാലും സേവനങ്ങള്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രയോജനപ്പെടുത്താതിരുന്നാലും അംഗത്വം നഷ്ടമാകുന്ന വ്യവസ്ഥ പുതിയ ഭേദഗതി പ്രകാരം ഒഴിവാക്കി.
ഇതോടെ ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്റ്റ്രേറ്റിവ് കമ്മിറ്റിയെയോ അഡ്മിനിസ്റ്റ്രേറ്ററെയോ നിയമിക്കാന്‍ ഓര്‍ഡിനന്‍സ് സഹകരണ റജിസ്റ്റ്രാറെ ചുമതലപ്പെടുത്തി. അഡ്മിനിസ്റ്റ്രേറ്റീവ് കമ്മിറ്റിയ്‌ക്ക് ഒരു വർഷം വരെ തുടരാം. ഇതിന് മുൻപ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണം.