തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ മന്ത്രിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ട് വരാനുള്ള കാരണം അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്നും സതീശന് ആരോപിച്ചു.
“കേസില്‍ ഒരു കോടതിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. കേസ് ഹൈക്കോടതിയുടേയും പരിഗണനയിലാണ്. കോടതി തീരുമനത്തിന് വിധേയമായി മാത്രമെ സജി ചെറിയാന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കൂ. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യുഡിഎഫ് ശക്തിയായി എതിര്‍ക്കും,” സതീശന് കൂട്ടിച്ചേര്‍ത്തു.
കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം സജി ചെറിയാനെ മന്ത്രിയാക്കാന്‍ സര്‍ക്കാര്‍ ധൃതി കാട്ടുന്നത് എന്തിനാണെന്ന് സതീശന് ചോദിച്ചു. മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സിപിഎമ്മോ സര്‍ക്കാരോ തയാറാകാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
“ഭരണഘടനയെ അവഹേളിച്ചതു കൊണ്ടാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രി സ്ഥാനം രാജിവച്ചത്? രാജി വയ്ക്കാന്‍ ഇടയായത് ഭരണഘടനയെ ഇടിച്ച് താഴ്ത്തിയുള്ള പ്രസംഗമാണ്. ആ പ്രസംഗം അതുപോലെ തന്നെ നിലനില്‍ക്കുകയാണ്,” പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
“ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സിപിഎം യോജിക്കുന്നുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്,” സതീശന് പറഞ്ഞു.
“എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍ക്കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്. ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാനുള്ള ഇടനിലക്കാരുണ്ട്. ഇതില്‍ ബിജെപി നേതാക്കളുടെയും പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്ത് നിന്ന് ആരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.