തിരുവനന്തപുരം: എടപ്പാളില്‍ തിയ്യറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.കേസ് തേച്ച് മായ്ച്ചു കളയാന്‍ ശ്രമിക്കുകയാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു.
അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. ശേഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മുഖ്യമന്ത്രി പൊലീസുകാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്നറിയാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടി. സംഭവത്തില്‍ തനിക്കുള്ള അതൃപ്തി അദേഹം നേരിട്ട് ഡിജിപിയെ അറിയിച്ചതോടെയാണ് നിയമോപദേശം തേടിയത്.
സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് വിമര്‍ശിച്ചു. തിയേറ്റര്‍ ഉടമയ്ക്കെതിരെയുളളത് കെട്ടിച്ചമച്ച കുറ്റാരോപണമെന്നും അറസ്റ്റ് അപലപനീയമെന്നും അവര്‍ പറഞ്ഞു.
തിയേറ്റര്‍ ഉടമ സതീഷ് ആയിരുന്നു കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ല. ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും 17 ദിവസമാണ് പൊലീസ് കേസ് എടുക്കാതിരുന്നത്. പ്രതി മൊയ്തീന് കുട്ടിയുടെ ഉന്നത ബന്ധങ്ങള്‍ മൂലമാണ് കേസെടുക്കാന്‍ മടിച്ചത്. കേസ് എടുക്കാതിരുന്നതിന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.