തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതി വിമർശനം കേൾക്കേണ്ടിവന്ന ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ഷാഫി പറന്പിൽ, റോജി എം. ജോണ്‍, ടി.വി. ഇബ്രാഹിം, വി.പി. സജീന്ദ്രൻ, എം. ഷംസുദ്ദീൻ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

കെകെ ശൈലജ മെഡിക്കൽ ബില്ല് സഭയിൽ അവതരിപ്പിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തുനിന്ന് ഉണ്ടായത്. ബില്ലിന്‍റെ പകർപ്പ് പ്രതിപക്ഷ അംഗങ്ങൾ കീറി എറിയുകയും ചെയ്തു. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെ.കെ. ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടിയതിൽ യാതോരു അസ്വാഭാവികതയും ഇല്ല. മന്ത്രിയുടെ മുന്പിൽ വന്ന ഫയലിലെ നിർദേശപ്രകാരമാണ് തീയതി നീട്ടിയത്. തൃശൂർ, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്ന് പ്രാതിനിധ്യം ഇല്ലായിരുന്നു. അതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.