/indian-express-malayalam/media/media_files/uploads/2023/05/Pinarayi-Vijayan-1.jpg)
പിണറായി വിജയന്‍
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ ചിത്രം പകര്‍ത്തിയതിന് മാതൃഭൂമി ന്യൂസ് ചാനലിനെതിരെ കേസെടുത്ത സംഭവം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം.
അറസ്റ്റിലായ ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. തെളിവ് നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞെന്നും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷാരുഖിന്റെ ചിത്രങ്ങളെടുക്കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ അപായപ്പെടും വിധത്തില്‍ വാഹനം പിന്തുടര്‍ന്നതായും പൊലീസ് ആരോപിക്കുന്നു. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) ട്രെയിൻ തീവയ്പ്പ് കേസ് നിലവില്‍ അന്വേഷിക്കുന്നത്. മാതൃഭൂമി വാര്‍ത്ത സംഘത്തിന്റെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത പോലീസ് വാഹനം കസ്റ്റഡിയിലെടുക്കാനും ശ്രമിച്ചിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മാതൃഭൂമി ടിവിക്കെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ വീഴ്ച തുറന്നുകാട്ടിയതിന് മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അനുവാദം കൊടുക്കാന്‍ പാടില്ലായിരുന്നെന്നും സതീശന്‍ പറയുന്നു.
പിണറായി സര്‍ക്കാരിനെതിരായ പുതിയ ആയുധമായാണ് മാതൃഭൂമി ന്യൂസിനെതിരായ നടപടിയെ പ്രതിപക്ഷം കാണുന്നത്. മാധ്യമങ്ങള്‍ക്കെതിരായ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം വിമര്‍ശിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
കഴിഞ്ഞ മാര്‍ച്ചില്‍ ഏഷ്യനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യസഭ എംപിയും സിഐടിയു നേതാവുമായ എളമരം കരീമിന്റെ പരാതിയിലായിരുന്നു നടപടി.
ഈ വര്‍ഷം സഭാനടപടികള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങളെ വിലക്കിയതിലും പ്രതിപക്ഷത്തിന്റെ രോക്ഷം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വന്നു. സാധാരണയായി സഭാ ടിവി ദൃശ്യങ്ങളാണ് ചാനലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ സഭാ ടിവി സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
2021 മേയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചില വലതുപക്ഷ മാധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇത്തരക്കാര്‍ ആത്മപരിശോധന നടത്തണമെന്നും പിണറായി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us