തിരുവനന്തപുരം: എടത്തല പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ, തീവ്രവാദ സ്വഭാവമുളളവർ പങ്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഇന്നും പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ പരാമർശം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങൾ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചാണ് രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ അൻവർ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി ഇന്നലെ സംസാരിച്ചത്. എടത്തലയിൽ പോലീസ് ക്വട്ടേഷൻ സംഘത്തെപ്പോലെയാണു പ്രവർത്തിച്ചതെന്നു സാദത്ത് കുറ്റപ്പെടുത്തിയിരുന്നു.
തുടർന്നു സംസാരിച്ച മുഖ്യമന്ത്രി എടത്തലയിൽ ആദ്യം മർദ്ദിച്ചത് ഉസ്മാനാണെന്നും സാധാരണക്കാരെ പോലെ പെരുമാറിയ പൊലീസുകാർ കുറ്റക്കാരാണെന്നും പറഞ്ഞു. എടത്തലയിലെ പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദസ്വഭാവമുള്ള ചിലരും ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരക്കാരെ പ്രതിപക്ഷം സംരക്ഷിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
എടത്തലയിൽ പോലീസ് സംഘർഷത്തിന്റെ ഭാഗമാകുകയായിരുന്നില്ല വേണ്ടത്. സാധാരണക്കാരുടെ നിലയിലേക്ക് പോലീസ് താഴാൻ പാടില്ലെന്നതുകൊണ്ടാണ് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളും പ്രതിഷേധ മാർച്ചിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവൻ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെ അറിയാമായിരിക്കും. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.