തിരുവനന്തപുരം: ശിവസേനയെ കോൺഗ്രസ് വാടകയ്‌ക്കെടുത്തതാണോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ സഭയിൽ ബഹളം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായാണ് സഭയിലേക്ക് എത്തിയത്. ഇവിടെ വച്ച് ബഹളം വച്ച പ്രതിപക്ഷം പിന്നീട് സഭ വിട്ടിറങ്ങി.

മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്. സഭ ചട്ടം 307 അനുസരിച്ച് സ്പീക്കർ ഇതിനുള്ള റൂളിംഗ് നൽകണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ന് ചോദ്യോത്തര വേളയുടെ തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിച്ചു. ഇക്കാര്യത്തിൽ റൂളിംഗ് നൽകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ഇത് ഇന്ന് തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് നിർബന്ധിച്ചു.

എന്നാൽ സഭ അദ്ധ്യക്ഷൻ എപ്പോഴാണ് റൂളിംഗ് നൽകേണ്ടതെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം ചട്ടവിരുദ്ധമാണെന്നും സ്പീക്കർ അറിയിച്ചു. ഈ സഭാ സമ്മേളനം കഴിയുന്നതിന് മുൻപ് തന്നെ റൂളിംഗ് നൽകുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും, പ്രതിപക്ഷം ബഹളം തുടർന്നു.

ഇതിനിടയിൽ, ഇന്നലെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങളോട് കയർത്തെന്ന പ്രതിപക്ഷ ആരോപണം സ്പീക്കർ തള്ളി. ഇക്കാര്യം താൻ കണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഭ കൂടാതിരിക്കുന്ന സമയത്ത് നടന്ന സംഭവങ്ങളിൽ സഭയ്ക്ക് ഉത്തരം പറയാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യോത്തര വേള തുടരാൻ സ്പീക്കർ നിർദ്ദേശം നൽകിയതോടെ ഇവർ സഭ വിട്ട് പുറത്തേക്ക് പോയി. എറണാകുളം മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര അക്രമവുമായി ബന്ധപ്പെട്ടാണ് സഭയിൽ ബഹളം നടക്കുന്നത്. ഇന്നലെ സഭയിൽ അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ ശേഷമാണ്, ശിവസേന പ്രവർത്തകരെ കോൺഗ്രസ് വാടകയ്ക്കെടുത്തതാണോയെന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ഇന്ന് സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഭയിൽ മുഖ്യമന്ത്രി നടുത്തളത്തിലേക്കിറങ്ങി വന്നെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.