തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ പ്ളക്കാർഡുകളും ബാനറുകളുമായി ബഹളം ഉയർത്തുകയായിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ശാന്തരാവാൻ സ്‌പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.

ബഹളത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് തുടർന്നു. എംഎല്‍എമാരായ റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പളളി, ടി വി ഇബ്രാഹിം, വി പി സജീന്ദ്രന്‍, എം ഷംസുദ്ദീന്‍ എന്നിവര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ തുടരുന്ന അനിശ്ചിതകാല സത്യാഗ്രഹം തുടരുകയാണ്.

ഇന്നലെയും നിയമസഭ ആരംഭിച്ചത് മുതല്‍ ആരോഗ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളമായിരുന്നു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി ഇന്നലെ പിന്തുണയുമായെത്തിയിരുന്നു. കമ്മീഷന്‍ നിയമനത്തില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതില്‍ അപാകതയില്ല. മുന്നില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാരമാണ് മന്ത്രി നടപടിയെടുത്തത്. മന്ത്രിയുടെ ഭാഗം കോടതി കേട്ടിട്ടില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ