Latest News

‘എന്തിലാണ് അവിശ്വാസം?,’ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. നിയമം മാറ്റാൻ തനിക്ക് സാധിക്കില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണിതെന്നും സ്പീക്കർ വ്യക്തമാക്കി

Ramesh Chennithala and Pinarayi Vijayan

തിരുവനന്തപുരം: പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് എതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മുഖമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. യുഡിഎഫിലെ ബന്ധങ്ങള്‍ ശിഥിലമായിയെന്നും പ്രതിപക്ഷത്തിന് അമ്പരപ്പെന്നും മുഖ്യന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ വിഡി സതീശനാണു പ്രമേയം അവതരിപ്പിച്ചത്. ആറ് മണിക്കൂറിലധികമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും എംഎല്‍എമാര്‍ സംസാരിച്ചു. ഇരുപക്ഷവും പരസ്പരം കടന്നാക്രമിച്ചു. സ്വര്‍ണ്ണക്കടത്ത് മുതല്‍ അയോധ്യ വരെ ഇരുപക്ഷവും പരസ്പരം ആക്രമിക്കാന്‍ എടുത്ത് പ്രയോഗിച്ചു.

പ്രതിപക്ഷം ശ്രമിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനെന്നും യുഡിഎഫിലെ അസ്വസ്ഥതകള്‍ക്ക് മറയിടാനാണ് അവിശ്വാസ പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ എംഎല്‍എമാര്‍ വിട്ടുനിന്നതിനെ മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. അവിശ്വാസമുണ്ടാകാന്‍ ഇടയുള്ളതെന്നും ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിച്ചു, മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് നടന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗത്തിലെ അഭിപ്രായ വ്യത്യാസങ്ങളേയും മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചു. “കോണ്‍ഗ്രസിന് സ്വന്തം നേതാവിനെ പോലും തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ നിര്‍ദ്ദേശം കാത്ത് നില്‍ക്കുകയാണ്.”

സംസ്ഥാനത്ത് സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് പാവപ്പെട്ടവര്‍ക്ക് മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും അഴിമതി; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ലൈഫ് മിഷന്‍, ഹരിത മിഷന്‍, ആര്‍ദ്രം മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ ദൗത്യം, കിഫ്ബി തുടങ്ങിയവയിലെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയെന്നും സ്‌കൂളുകളില്‍ മികവാര്‍ന്ന അക്കാദമിക സൗകര്യങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കി. ഏത് ഓണം കേറാമൂലയിലും ആരോഗ്യ സംവിധാനങ്ങള്‍ ലഭ്യമാക്കി,” കോവിഡിനെ ആദ്യ ഘട്ടത്തില്‍ പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് അതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടേകാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. ഏത് കുപ്രചാരണങ്ങള്‍ നടത്തിയാലും ലൈഫ് മിഷനുമായി മുന്നോട്ടു പോകും. വീട്ടില്ലാത്ത എല്ലാവര്‍ക്കും വീട് വച്ചു നല്‍കുമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ തിരിച്ചടികള്‍ ഉണ്ടായിട്ടും സംസ്ഥാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ തടസ്സവാദവുമായി പ്രതിപക്ഷം എഴുന്നേറ്റു. മുഖ്യമന്ത്രി അധിക സമയം എടുക്കുന്നുവെന്നും ഒരു മണിക്കൂറോളമായി സംസാരിക്കുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറയുന്നത് ചുരുക്കണമെന്നും കോവിഡ് കാലമാണെന്നും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: സർക്കാരിനെതിരെ നടക്കുന്നത് വിഷം പുരട്ടിയ പ്രചരണം; ‘തീവെട്ടിക്കൊള്ള’ ചേരുന്നത് യുഡിഎഫിനെന്നും സ്വരാജ്

നവംബറോടു കൂടി 154 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ മേഖലയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബജറ്റിന് പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതികള്‍ രൂപീകരിച്ച് കിഫ്ബി വഴി 57,000 കോടിയില്‍ അധികം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. “50,000 കോടി രൂപയാണ് ലക്ഷ്യമിട്ടത്. കിഫ്ബി മുഖേന 730 പദ്ധതികളാണ് നടപ്പിലാക്കുന്നത്. കിഫ്ബി വേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കിഫ്ബി പദ്ധതികള്‍ വേണമെന്ന് പറയുന്നു.”

ഗെയില്‍ പൈപ്പ് ലൈന്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തടസ്സപ്പെട്ട് കിടന്നിരുന്ന പദ്ധതി ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നുവെന്ന് പിണറായി പറഞ്ഞു.

കേന്ദ്രത്തില്‍ എട്ടു ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ സംസ്ഥാനത്ത് 1.39 ലക്ഷം പുതിയ നിയമനങ്ങള്‍ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും  അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കു ഭരണം നിയന്ത്രിക്കാനാവുന്നില്ലെന്നും മൂന്നാം കിട കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തുവെന്നു വിഡി സതീശന്‍ ആരോപിച്ചു. വ്യക്തമായ പദ്ധതിയുമായാണ് സംഘം എത്തിയത്. മുഖ്യമന്ത്രിയുടെ വകുപ്പില്‍ പിന്‍വാതില്‍ വഴി ജോലി നേടിയതും ഈ പദ്ധതി പ്രകാരമാണ്.

കുഴപ്പമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോള്‍ തൊട്ടടുത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നത്.

സംസ്ഥാനത്തിന്റെ ടെന്‍ഡര്‍ തുക അദാനിക്ക് ചോര്‍ത്തി നല്‍കി. കണ്‍സള്‍ട്ടന്‍സി രാജിനെക്കുറിച്ച് ധവളപത്രം ഇറക്കണം. സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സി വീക്ക്‌നെസ് ആണ്.

Also Read: തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അഭ്യർത്ഥന കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി

പാവങ്ങളുടെ ലൈഫ് മിഷനെ കൈക്കൂലി മിഷനാക്കി മാറ്റി. 20 കോടി രൂപയുടെ പദ്ധതിയില്‍ നാലരക്കോടിയുടെ കൈക്കൂലി അറിയാമെന്ന് ധനമന്ത്രി സമ്മതിച്ചു. എന്നാൽ യഥാര്‍ഥ ക്രമമേക്കട് 9.25 കോടിയാണ്. ഒരു പദ്ധതിയില്‍ 46 ശതമാനം കൈക്കൂലിയെന്നത് ദേശീയ റെക്കോര്‍ഡാണ്. ലൈഫ് മിഷന്‍ കമ്മിഷനിലെ ബെവ്ക്യൂ ആപ് സഖാവിന്റെ ബന്ധം അറിയണം. നാലര കോടിക്ക് പുറമെ ബാക്കി അഞ്ച് കോടി നല്‍കിയത് ഈ സഖാവിനാണ്.

ജലീല്‍ ദിവ്യപുരുഷനാണെന്ന് സതീശന്‍ പരിഹസിച്ചു. സക്കാത്ത് കയ്യില്‍നിന്നാണ് കൊടുക്കേണ്ടത്. കള്ളത്തട്ടിപ്പിന് വിശുദ്ധഗ്രന്ഥത്തെ മറയാക്കിയെന്നും സതീശന്‍ ആരോപിച്ചു.

സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുകയാണ്. ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചു. കോവിഡ് പ്രതിരോധത്തില്‍ എല്ലാവരെയും മാറ്റിനിര്‍ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വരെ പാര്‍ട്ടിക്കാര്‍ തട്ടി എടുത്തിട്ടും നടപടി ഇല്ല.

ഈ സര്‍ക്കാരിന്റെ തല അമിത് ഷായുടെ കക്ഷത്തിലാണെന്നും മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ചോദ്യം ചോദിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

Read Also: തിരിച്ചടിച്ച് ഭരണപക്ഷം; യുഡിഎഫ് കാലത്തെ കണ്‍സള്‍ട്ടന്‍സി ഉയർത്തി പ്രദീപ് കുമാർ

പ്രമേയത്തെ പിന്താങ്ങി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംസാരിച്ചു. സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരുടെ പറയാനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്നും സഭാ സമ്മേളനത്തിന് പത്തു ദിവസം മുൻപാണു നോട്ടീസയച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. നിയമം മാറ്റാൻ തനിക്ക് സാധിക്കില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണിതെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളം വച്ചു.

സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് അംഗങ്ങൾക്കിടയിൽ വന്നിരിക്കണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർക്ക് സ്വർണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീര്‍ത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്യത്വത്തിനും മാന്യതയ്ക്കും നിരക്കാത്തതാണ് ആ ബന്ധം. അതിനാല്‍ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കുക എന്നത് സഭയുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.

Also Read: നിയമസഭാ സമ്മേളനം തുടങ്ങി: അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി

സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. സഭ ചേരാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചു. പ്രമേയം എടുക്കാൻ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാൻ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ താൻ നിസ്സഹായനാണെന്ന് സ്പീക്കർ പ്രതികരിച്ചു. ഭരണഘടനാ പ്രകാരം വിമർശനം ഉന്നയിക്കാൻ തടസ്സം ഇല്ല. പദവിയുടെ ഔന്നത്യം ഉയർത്തി പിടിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധ ബാനർ ഉയർത്തി.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Opposition protest against speaker in legislative assembly

Next Story
ഉത്ര വധം: സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും
The moderation of comments is automated and not cleared manually by malayalam.indianexpress.com