തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റ രൂക്ഷ വിമർശനം. വിജിലൻസ് ഡയറക്ടർ ഇപ്പോൾ കൂട്ടിലടച്ച തത്തയല്ലെന്നും മറിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയ പശുവാണെന്നും വി.ഡി.സതീശൻ എംഎൽഎ പറഞ്ഞു. കോടതിവിധിക്കെതിരെ എങ്ങനെ ഒരു ഉദ്യോഗസ്ഥന് വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിക്കാനാവുമെന്നും ഇങ്ങനെ പോയാൽ എങ്ങനെ ഒരു ജനാധിപത്യ സംവിധാനം നിലനിൽക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഐഎഎസ്-ഐപിഎസ് തർക്കം മൂലം സംസ്ഥാനം ഭരണ സ്തംഭനം നേരിടുകയാണെന്നാരോപിച്ച് വി.ഡി.സതീശൻ എംഎൽഎ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. ഉദ്യോഗസ്ഥർക്കിടയിൽ വൻ ചേരിപ്പോരാണ്. അതീവ രഹസ്യ സ്വഭാവമുളള രേഖകൾ പോലും ഉദ്യോഗസഥർ പക തീർക്കാൻ കോടതിയിൽ ഉപയോഗിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർ സൂക്ഷിക്കണ്ട പല രേഖകളും ബിനാമികൾക്ക് ലഭിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമാണ്. ഉദ്യോഗസ്ഥർക്കിടയിൽ പ്രശ്നങ്ങളുണ്ട്, എന്നാൽ ഗൗരവതരമായ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ