ന്യൂഡല്‍ഹി: ദേശീയ താത്പര്യങ്ങള്‍ക്കായി ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ്. വ്യാഴാഴ്ച നടന്ന പതിനേഴ്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലായിരുന്നു ആവശ്യം. പ്രതിപക്ഷത്തിന് പാര്‍ലമെന്‍റിന് അകത്തും പുറത്തും ഒരേ നിലപാടും തന്ത്രവും ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന എതിരഭിപ്രായങ്ങള്‍ മാറ്റിവച്ചുകൊണ്ട് ദേശീയടിസ്ഥാനത്തില്‍ ഒരേ നിലപാടിലേക്ക് എത്തേണ്ടതായുണ്ട് എന്നും പറഞ്ഞു. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.

യോഗത്തിന് മണിക്കൂറുകള്‍ മുന്‍പ് എന്‍സിപി നേതാവ് ശരത് പവാറും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തുകയുണ്ടായി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമദ് പട്ടേല്‍, ഗുലാം നബി ആസാദ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒ.ബ്രെയിന്‍, സിപിഐ ജനറല്‍സെക്രട്ടറി ഡി.രാജ, സിപിഎമ്മിന്‍റെ മുഹമ്മദ്‌ സലിം, ടി.കെ.രംഗരാജന്‍, സമാജ് വാദി പാര്‍ട്ടി, ബിഎസ്‌പി എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷകക്ഷികള്‍ എല്ലാവരും സന്നിഹിതരായിരുന്നു എങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച ഉണ്ടായില്ല. നേരത്തെ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടന്ന യോഗത്തില്‍ ഇംപീച്ച്മെന്റ് നടപടികളില്‍ പ്രതിപക്ഷ കക്ഷികളുമായി ഐക്യത്തിലെത്തുമെന്ന് ധാരണയായിരുന്നു.

രാജ്യത്തെ ജാതികളും സമുദായങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു വരികയാണ് എന്നും ഭരണഘടനയെ ലംഘിച്ചുകൊണ്ട് പൗരന്‍റെ സ്വകാര്യതയ്ക്ക് വില പറഞ്ഞുകൊണ്ടിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നും സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്‍റെ സമ്പദ് ഘടന, തൊഴിലില്ലായ്മ, വിലവര്‍ദ്ധന തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. ഇത്തരം പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ” നമ്മള്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും ഒരേ തന്ത്രം പ്രയോഗിക്കേണ്ടിയിരിക്കുന്നു” എന്ന് യുപിഎ അദ്ധ്യക്ഷ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.