scorecardresearch

അവിശ്വാസത്തെ വിശ്വാസമാക്കി പിണറായി സർക്കാർ

40-നെതിരെ 87 വോട്ടുകൾ നേടിയാണ് അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളിയത്

അവിശ്വാസത്തെ വിശ്വാസമാക്കി പിണറായി സർക്കാർ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ  പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാല്‍പ്പതിനെതിരെ 87 വോട്ടിനു പ്രമേയം നിയമസഭ തള്ളി. വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

വിഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേല്‍ 11 മണിക്കൂറിലേറെ ചര്‍ച്ച നീണ്ടു. സ്വര്‍ണക്കടത്ത്, കണ്‍സള്‍ട്ടന്‍സി വിവാദം, തിരുവനന്തപുരം വിമാനത്താവളം, ലൈഫ് മിഷന്‍, പിഎസ്‌സി നിയമനം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുപക്ഷവും പരസ്പരം കടന്നാക്രമിച്ചു. രാത്രി 9.30നുശേഷമാണു വോട്ടെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

Read Also: വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും അഴിമതി; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗത്തിനാണ് ഇന്ന് അംഗങ്ങള്‍ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം 3.45 മണിക്കൂര്‍ നീണ്ടു. അതേസമയം, തങ്ങളുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്നു പറഞ്ഞു പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ആരോപണങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി പ്രസംഗം വലിച്ചു നീട്ടുകയാണെന്നായിരുന്നു പ്രതിക്ഷ ആരോപണം.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടരുതെന്നു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട സ്പീക്കര്‍ സഭാനേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് അറിയിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സ്പീക്കര്‍ സഭ നിയന്ത്രിക്കുന്നതില്‍നിന്ന് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രാവിലെ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയില്‍ വന്നിരിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് രാവിലെ പ്രതിപക്ഷം അനുമതി തേടിയിരുന്നു. ഇതു നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

Read Also: സർക്കാരിനെതിരെ നടക്കുന്നത് വിഷം പുരട്ടിയ പ്രചരണം; ‘തീവെട്ടിക്കൊള്ള’ ചേരുന്നത് യുഡിഎഫിനെന്നും സ്വരാജ്

പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്നും സഭാ സമ്മേളനത്തിന് പത്തു ദിവസം മുന്‍പാണു നോട്ടീസയച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമം മാറ്റാന്‍ തനിക്ക് സാധിക്കില്ലെന്നും അജന്‍ഡയില്‍ ഇല്ലാത്ത വിഷയമാണിതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളം വച്ചു.

നിയമസഭയുടെ ചരിത്രത്തില്‍, ചര്‍ച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണ് ഇന്ന് അവതരിപ്പിച്ചത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് ഇതിനു മുന്‍പത്തേത്. ഇന്ന് വിഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നതെങ്കിലും രാത്രി 9.30 വരെ നീളുകയായിരുന്നു.

Also Read: തിരുവനന്തപുരം വിമാനത്താവളം: സർക്കാർ അഭ്യർത്ഥന കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി

അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചന രേഖപ്പെടുത്തിയാണ് സഭാ സമ്മേളനം ആരംഭിച്ചത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പും മേല്‍നോട്ടവും അദാനിക്ക് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. ധനകാര്യബില്ലും സഭ പാസാക്കി. മുതിര്‍ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ അനാരോഗ്യം കാരണം സമ്മേളനത്തിന് എത്തിയില്ല.

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Opposition no confidence motion against kerala government failed