തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടതിനെ പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ഒന്‍പതുമിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മൈക്ക് ഓഫ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍മാര്‍ നടപടികള്‍ തടസപ്പെടുത്തിയത്.
നിയമസഭാ കേസില്‍ വാദി പ്രതിയായ സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാട് നിരാശാജനകമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തതില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനും പ്രതിപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ സഭ തുടങ്ങി ഒമ്പത് മിനിറ്റിന് ശേഷം സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നയായി അറിയിക്കുകയായിരുന്നു.
സഭാ സംഘര്‍ഷത്തില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയത് വ്യത്യസ്ത വകുപ്പുകളാണ്. ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്. പരുക്കേറ്റ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ കവരുന്നു എന്നാരോപിച്ചാണ് സ്പീക്കറുടെ ഓഫീസിനു മുന്നില്‍ മാര്‍ച്ച് 15ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതിനിടെയാണ് പ്രതിഷേധിച്ച യുഡിഎഫ് എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭരണപക്ഷ അംഗങ്ങള്‍ക്കൂടി എത്തി പ്രതിപക്ഷ സാമാജികരെ നേരിട്ടതോടെ നിയമസഭാ മന്ദിരം അസാധാരണ സംഭവങ്ങള്‍ക്ക് വേദിയാകുകയായിരുന്നു.