scorecardresearch
Latest News

‘കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി’; പിണറായിക്ക് പ്രതിപക്ഷത്തിന്റെ പരിഹാസപ്പെരുമഴ

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു

Ramesh Chennithala, VD Satheeshan, Pinarayi Vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്ക് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ വ്യാപക വിമര്‍ശനം. “മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പോകുമ്പോള്‍ ജനങ്ങളെ ബന്ദിയാക്കുകയാണ്. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് ഇത്തരത്തില്‍ കറുപ്പ് നിറം ഒഴിവാക്കിയത്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

“നിലവില്‍ കേരളത്തില്‍ സംഭവിക്കുന്നത് കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ്. മുഖ്യമന്ത്രി പുറത്തിറങ്ങാതെയിരിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി ഒരു കാര്യത്തിലും ഭയപ്പെടേണ്ട. ഒരു കല്ലുകൊണ്ട് പോലും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപദ്രവിക്കില്ല. ഇത് പ്രതിപക്ഷ നേതാവ് നല്‍കുന്ന വാക്കാണ്,” സതീശന്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് കറുപ്പു കണ്ടാല്‍ പേടിയാണെന്ന് കെ. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്രമീകരണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നതു പോലെ മുഖ്യമന്ത്രിക്ക് കറുപ്പു കണ്ടാല്‍ പേടിയാണ്. സമനില തെറ്റിയവരെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. മാനസികനില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി, മുരളീധരന്‍ പരിഹസിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുന്നെന്ന് ചെന്നിത്തല

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകൾ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടർന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോൾ കാണുന്നത്,” ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.

“ഊരിപ്പിടിച്ച വാളുകൾക്കും ഉയര്‍ത്തിപ്പിടിച്ച കത്തികൾക്കും ഇടയിൽക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാൾ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ്‌ സ്വന്തം നാട്ടിൽ സഞ്ചരിക്കുന്നത്. മാധ്യമപ്രവർത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈൽ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോൾ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്,” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കൊച്ചിയിലും കോട്ടയത്തും, ഇന്ന് തവനൂര്

മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികിൽ മാമോദീസ കഴിഞ്ഞു മടങ്ങുന്ന ഒരു കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതിൽ നിന്ന് ഒരു മണിക്കൂർ നേരം പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. കോട്ടയത്തിന് പുറമെ കൊച്ചിയിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് തവനൂര്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് കറുത്ത മാസ്ക് ധരിച്ചെത്തിയ സാധാരണക്കാര്‍ക്ക് അധികൃതര്‍ മഞ്ഞ മാസ്ക് പകരം നല്‍കിയിരുന്നു. തവനൂര്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടിയുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് പിന്നീട് കലാശിക്കുകയും ചെയ്തു.

Also Read: ‘കറുത്ത മാസ്ക് ധരിക്കണമെന്ന് എന്താ നിര്‍ബന്ധം?’; ന്യായീകരണവുമായി ഇടതു നേതാക്കള്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Opposition leaders slams at black mask ban in cm pinarayi vijayans programs