/indian-express-malayalam/media/media_files/uploads/2021/07/v-d-satheesan-k-sudhakaran.jpg)
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ അപ്പീൽ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. എന്നാൽ കോടതി വിധിയുടെ പേരില്‍ ശിവന്‍കുട്ടി രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്.
ഇത്തരം ഒരു പ്രവൃത്തി ചെയ്ത ഒരാള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന് വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃകയാക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. പ്രതിഷേധം സംബന്ധിച്ച കാര്യങ്ങള്‍ മുന്നണിയുമായി തീരുമാനിച്ച് നടപടി സ്വീകരിക്കും. സര്‍ക്കാര്‍ എല്ലാ വഴികളും നോക്കി, ഒടുവില്‍ സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയാണ് തിരിച്ചു വന്നത്. രാജി വയ്ക്കില്ലെന്ന തീരുമാനം മുഖ്യമന്ത്രി പറയുമ്പോള്‍ ബാക്കി നോക്കാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിധി അംഗീകരിക്കുന്നതായും, വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കോടതി മറ്റ് കാര്യങ്ങളിലേക്കൊന്നും കടന്നിട്ടില്ല. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. ഞങ്ങൾ ആ തീരുമാനം നടപ്പാക്കുകയായിരുന്നെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് അവകാശ പോരാട്ടങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സമരപോരാട്ടങ്ങളും നടത്തേണ്ടിവരും. സമരങ്ങളില്‍ കേസെടുക്കുന്നതും വിചാരണ നേരിടുന്നതും ശിക്ഷ അനുഭവിക്കുന്നതുമെല്ലാം ദൈനംദിന സംഭവങ്ങളാണെന്നും ശിവൻ കുട്ടി പറഞ്ഞു. ശിവന്‍കുട്ടി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വവും.
എന്നാൽ, ക്രിമിനല്‍ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. ജനപക്ഷത്ത് നിന്ന് നടത്തിയ സമരമാണെന്ന ശിവന്‍കുട്ടിയുടെ വിശദീകരണത്തേയും സുധാകരന്‍ പരിഹസിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ എത്ര കോടി ചിലവഴിച്ചുവെന്നത് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിധിയിലൂടെ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. "കേസില്‍ കഴിഞ്ഞ നാല് വര്‍ഷമായി നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ് ഞാന്‍. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിന് തടസ ഹര്‍ജിയുമായി ഞാന്‍ വന്നപ്പോഴാണ് പിന്‍വലിക്കാന്‍ കഴിയാതെ പോയത്. നിരന്തരമായ നിയമ പോരാട്ടം നടത്തിയില്ലായിരുന്നെങ്കില്‍ കേസ് ഇല്ലാതാകുമായിരുന്നു," ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണ് സുപ്രീം കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. "ക്രിമിനല്‍ കേസുകളില്‍ ജനപ്രതിനിധികളും മന്ത്രിമാരും വിചാരണ നേരിടണമെന്ന കര്‍ശനമായ നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. ഖജനാവിലെ പണമെടുത്ത് കുറ്റവാളികളെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു. മുഖ്യപ്രതിയായ ശിവന്‍കുട്ടിക്ക് മന്ത്രിസഭയില്‍ തുടരാനുള്ള അര്‍ഹതയില്ല. അടിയന്തരമായി അദ്ദേഹം രാജി വയ്ക്കണം," സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Also Read: നിയമസഭാ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us