തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തില്‍ ജനപ്രതിനിധികളെ അവഗണിച്ചെന്ന് പരാതി. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍, എം.എല്‍.എ വി.എസ് ശിവകുമാര്‍, മേയര്‍ വി.കെ പ്രശാന്ത് എന്നിവരാണ് പരാതിയുടെ രംഗത്തെത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം ക്ഷേത്രത്തില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. എന്നാല്‍ ചടങ്ങില്‍ നിന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളായ തങ്ങളെ ഒഴിവാക്കിയെന്നും പകരം ബിജെപി നോമിനേറ്റ് ചെയ്ത് രാജ്യസഭയിലെത്തിച്ചവരെ വേദിയില്‍ കയറ്റിയെന്നുമാണ് ആരോപണം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ വെട്ടിമാറ്റിയെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ വിഷയത്തില്‍ വരില്ല. പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിക്കുന്നു. അതുപോലെ തങ്ങളുടെ സ്ഥാനത്തെയും ബഹുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകണം. മര്യാദകേടാണ് അവര്‍ കാണിച്ചതെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

ഇത്തരത്തില്‍ പെരുമാറാന്‍ നാണക്കേടില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. താന്‍ അറിയുന്ന പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രധാനമന്ത്രിയുടെയും സന്ദര്‍ശനത്തിനിടെ ഇത്തരത്തിലുള്ള അപമാനം ജനപ്രതിനിധികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് വി.എസ് ശിവകുമാര്‍ പറഞ്ഞു. പിന്നാലെ ഇവർ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി.

കോടികള്‍ ചെലവഴിച്ച് സ്വദേശി ദര്‍ശന്‍ പദ്ധതി വഴി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂര്‍ത്തികരിച്ച നിര്‍മ്മാണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം ഉള്‍പ്പടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

കൊല്ലാം ബൈപ്പാസ് ഉദ്ഘാടനത്തിനും പാര്‍ട്ടി പൊതുയോഗത്തിനും ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയത്. കൊല്ലാം ബൈപ്പാസിന്റെ ഉദ്ഘാടനത്തിലും സ്ഥലം എംഎല്‍എയെ ചടങ്ങില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ബൈപാസ് കടന്നുപോകുന്ന ഇരവിപുരത്തെ എംഎല്‍എ എം.നൗഷാദിനേയും മേയറേയും ഉദ്ഘാടന ചടങ്ങില്‍ തഴഞ്ഞു. അതേസമയം, ഒ.രാജഗോപാല്‍ എംഎല്‍എയും ബിജെപി എംപിമാരായ സുരേഷ് ഗോപിയും വി.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ