scorecardresearch

Latest News

നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പരിഹസിക്കുന്നു; വിമര്‍ശനവുമായി സതീശന്‍

പെണ്‍കുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാന്‍ അറിയാത്തയാളുകള്‍ക്ക് നിയമപാലകനായിരിക്കാന്‍ യോഗ്യതയില്ലെന്നും സതീശന്‍ വ്യക്തമാക്കി

VD Satheeshan, KT Jaleel, Lokayuktha

തിരുവനന്തപുരം: സ്ത്രീകളോട് പൊതുസമൂഹം എങ്ങനെ പെരുമാറുന്നുവെന്ന അളവുകോല്‍ വച്ചാണ് ഒരു സമൂഹം പരിഷ്‌കൃതമാണോയെന്ന് വിലയിരുത്തപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അങ്ങനെയെങ്കില്‍ കേരളം പരിഷ്‌കൃത സമൂഹമല്ലെന്നു പറയേണ്ടി വരുമെന്ന് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണെന്നും സതീശന്‍ പറഞ്ഞു.

നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പരിഹസിക്കുന്നതും അപമാനിക്കുന്നതും കേരളത്തില്‍ പതിവ് രീതിയായി മാറിയിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ തേടുന്ന ഒരമ്മയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളോടുള്ള പൊലീസിന്റെ സമീപനം എന്തായിരുന്നുവെന്ന് സതീശന്‍ ചോദിച്ചു.

പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായ വനിതാ നേതാക്കള്‍ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണ് കന്റോണ്‍മെന്റ് സിഐ നടത്തിയത്. പൊലീസ് കസ്റ്റഡിയില്‍ നേരിട്ട അവഹേളനത്തെ കുറിച്ചും അപമാനത്തെ കുറിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. ആ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇതാണോ കേരള പൊലീസിന്റെ നയവും ഭാഷയുമെന്ന് മുഖ്യമന്ത്രി പറയണം.

നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പെണ്‍കുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാന്‍ അറിയാത്തയാള്‍ നിയമപാലകനായിരിക്കാന്‍ യോഗ്യനല്ല. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ജാതീയമായി അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരല്‍ അനക്കാതിരുന്ന പൊലീസാണ് ഇവിടുത്തേതെന്നും സതീന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ മന്ത്രിമാര്‍ മൗനം അലങ്കാരമാക്കിയതു പോലെയാണ് ഞങ്ങളുമെന്നു കരുതരുത്. സമരമുഖത്ത് തല്ലിച്ചതച്ചാലും സൈബര്‍ ആക്രമണം നടത്തിയാലും തകരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം. ഭരണത്തിന്റെ തണലില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ അഹങ്കാരവും കൈയ്യൂക്കും കാട്ടാമെന്നോ ഞങ്ങളുടെ സഹോദരിമാരെ അപമാനിക്കാമെന്നോ കരുതേണ്ട. ഞങ്ങളുടെ പെണ്‍കുട്ടികളെ വാക്കുകള്‍ കൊണ്ടുപോലും അരക്ഷിതരാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Opposition leader vd satheeshan on women security

Best of Express