scorecardresearch
Latest News

എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാര്‍ പലായനം ചെയ്യുന്നു; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വി.ഡി.സതീശന്‍

കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു സതീശന്‍

VD Satheeshan, KT Jaleel, Lokayuktha

തിരുവനന്തപുരം: ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും കൃഷിനാശവും നിലനില്‍ക്കുന്ന കുട്ടനാട്ടില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കുട്ടികള്‍ക്കും വയോധികര്‍ക്കും വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാല്‍ ചെളിയില്‍ താഴ്ന്നു പോകുമെന്നും സതീശന്‍ പറഞ്ഞു.

എ.സി കനാല്‍ വഴിയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനു പിന്നാലെ സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടില്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കുട്ടനാടിനെ സഹായിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍ വേയില്‍ മണ്ണുനീക്കലല്ല കരിമണല്‍ ഖനനമാണ് നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

അഞ്ചു വര്‍ഷത്തിനിടെ കുട്ടനാടിനു വേണ്ടിയുള്ള 500 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി.വിഷ്ണുനാഥ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു സതീശന്‍.

വെള്ളത്തിന്റെ ആഗമന നിര്‍ഗമനം തടസപ്പെട്ടതാണ് കുട്ടനാടിനെ പാരിസ്ഥിതികമായി തകര്‍ത്തത്. പാടശേഖരങ്ങളില്‍ മട വീണ് വ്യാപക കൃഷിനാശമുണ്ടാകുകയാണ്. എ.സി കനാലിലെ മണ്ണ് നീക്കം ചെയ്യാത്തതും സ്ഥിതി ദുസഹമാക്കിയിട്ടുണ്ട്. സര്‍വത്ര വെള്ളം എന്നാല്‍ കുടിക്കാന്‍ ഒരു തുള്ളി പോലുമില്ലെന്ന അവസ്ഥയിലാണ് കുട്ടനാട്ടുകാര്‍.

പ്രദേശത്ത് ഒരു ആരോഗ്യ സ്ഥാപനം പോലുമില്ല. കുട്ടനാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമല്ല ആലപ്പുഴ- ചങ്ങനാശേരി എഏലിവേറ്റഡ് ഹൈവെ. എല്ലാ വകുപ്പുകളും സംയുക്തമായി വേണം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടത്. പ്രതിപക്ഷം അത്തരമൊരു നീക്കത്തോട് പൂര്‍ണമായും സഹകരിക്കും.

കുട്ടനാട്ടില്‍ എല്ലാം നടക്കുന്നുണ്ടെന്നാണ് സ്ഥലം എംഎല്‍എയും മന്ത്രിയും പറയുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിക്കസേര കിട്ടാന്‍ വേണ്ടിയാണ് കുട്ടനാട് എംഎല്‍എ മുഖ്യമന്ത്രിയെ സുഖിപ്പിക്കുന്നത്. അതിനു വേണ്ടി പ്രതിപക്ഷത്തിന്റെ തോളില്‍ കയറേണ്ടെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്‍കി.

Also Read: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസ് മൃദുസമീപനം സ്വീകരിക്കില്ല; മുഖ്യമന്ത്രി നിയമസഭയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Opposition leader vd satheeshan on kuttanad issue in assembly