തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്ന സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി. സതീശന്. ഇടുക്കി, “കോട്ടയം ജില്ലകളില്‍ ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉരുള്‍പൊട്ടി 5 മണിക്കൂറിനു ശേഷമാണ് മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. അതെങ്ങനെ വിമര്‍ശനമാകും?,” വി.ഡി. സതീശന് ചോദിച്ചു.
“ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ പിറ്റേദിവസമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും കണ്ടില്ലല്ലോയെന്നാണ് വിജയരാഘവന് ചോദിക്കുന്നത്. ഏതായാലും മന്ത്രിമാര്‍ അവിടെ എത്തുന്നതിന് മുന്‍പ് ഞാന്‍ അവിടെയെത്തി. അത് വലിയ ക്രെഡിറ്റായി പറയുന്നതല്ല. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും ചുമതലയാണ്. എല്ലാ രാഷ്ട്രീയക്കാരും മന്ത്രിമാരും അവിടെയുണ്ടായിരുന്നു. പിറ്റേ ദിവസം മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്,” സതീശന് പറഞ്ഞു.
“പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല ഞാന്‍ ചെയ്യുന്നതെന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകന്റെ ജോലി വിജയരാഘവന് നന്നായി ചെയ്യുന്നുണ്ട്. എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ അദ്ദഹം വരണ്ട. ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും ഒരു നിര്‍ദ്ദേശവും വേണ്ട. ഞങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. അത് ഇനിയും തുടരും,” സതീശന് വ്യക്തമാക്കി.
അതേസമയം, കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് ഒരു നേതാവും ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് സതീശന് വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് നന്നായി ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ പട്ടികയാണ്. എല്ലാവരും ഭാരവാഹി പട്ടികയെ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ നല്ല പട്ടികയെന്നാണ് പൊതു അഭിപ്രായമെന്നും വി.ഡി. സതീശന് പറഞ്ഞു.
“മുന്നൂറും നാനൂറും പേരടങ്ങുന്ന സമിതിയാണ് 51 ആയി ചുരുങ്ങുയത്. ചില കുറുവുകള്‍ ഉണ്ടാകാം. അര്‍ഹരായ ചിലര്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നല്‍കും. രാഷ്ട്രീയ കാര്യസമിതിയാണ് ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. ഭാരവാഹികളുടെ എണ്ണം എത്രയെന്ന് നിശ്ചയിച്ചതും രാഷ്ട്രീയ കാര്യസമിതിയാണ്,” പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
“കഴിവിന്റെ പരമാവധി മികച്ച പട്ടിക പുറത്തിറക്കാന്‍ ശ്രമിച്ചു. ചില നേതാക്കള്‍ക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നു . മാധ്യമങ്ങള്‍ പറയുന്ന പോലെയുള്ള അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ആ നേതാക്കള്‍ നേരിട്ട് വിളിച്ചു പറഞ്ഞു. പരാതി പറഞ്ഞാല്‍ അത് പരിഹരിക്കും. പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് കെ മുരളീധരന് പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മുരളീധരനുമായി സംസാരിക്കും,” അദ്ദേഹം വ്യക്തമാക്കി.