/indian-express-malayalam/media/media_files/uploads/2022/12/pinarayi-vijayans-silence-in-ep-issue-is-surprising-vd-satheeshan-735385.png)
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | ഫൊട്ടോ: സ്ക്രീൻഗ്രാബ്
കൊച്ചി: ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകൾ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയെന്നും, ഇത് 26 ആശുപത്രികളിലേക്ക് വിതരണം ചെയ്തുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിതരണം മരവിപ്പിച്ച മരുന്നുകൾ 483 ആശുപത്രികൾക്ക് നൽകിയതായി റിപ്പോർട്ടിലുണ്ടെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അത് അടിവരയിടുന്നതാണ് സിഎജി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കാം. കേരളത്തെയാകെ ഞെട്ടിക്കുന്ന കണ്ടെത്തലാണിത്. ഒരു വർഷത്തെ 54,049 ബാച്ച് മരുന്നുകളിൽ 8,700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്. 14 വിതരണക്കാരുടെ ഒറ്റ മരുന്ന് പോലും പരിശോധിച്ചിട്ടില്ല. 'ചാത്തൻ മരുന്നാണ്' വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് ഇതിന് അനുമതി നൽകിയത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം.
കമിഴ്ന്നു വീണാൽ കാൽ പണം കൊണ്ട് പോകുന്ന അവസ്ഥയാണ്. കെഎസ്ആർടിസി പോലെ സപ്ലൈകോയേയും തകർക്കുന്നു. എന്നിട്ട്, മുഖ്യമന്ത്രി കനഗോലു കെപിസിസി യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി 6,65,000 രൂപയാണ് പ്രതിമാസം സോഷ്യൽ മീഡിയ മാനേജ്മെന്റിന് വേണ്ടി ചെലവഴിക്കുന്നത്. സർക്കാർ ചെലവിലാണോ രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നത്. ഖജനാവ് കാലിയായപ്പോഴാണ് ഇത്രയും പണം ചെലവാക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രി സുനിൽ കനഗോലുവിനെ വിമർശിക്കുകയാണ്," സതീശൻ വിമർശിച്ചു.
അതേസമയം, മാസപ്പടി വിവാദത്തിലും പ്രതിപക്ഷ നേതാവ് ഇന്ന് പ്രതികരണം നടത്തി. വീണാ വിജയന്റെ കമ്പനിയിൽ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് സിഎംആർഎൽ മൊഴി നൽകിയിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. "കള്ളപ്പണമാണ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കാനാണ് ഇത്തരം കരാർ നൽകിയത്. സംഭവം ഇ ഡി ആണ് അന്വേഷിക്കേണ്ടത്. ഈ സംഭവത്തിൽ ഇ ഡി അന്വേഷണം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബാങ്ക് വഴി ഇടപാട് നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനാണ്. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ പാർട്ടിക്കല്ലേ പണം നൽകേണ്ടത്. കള്ളപ്പണം വെളുപ്പിച്ചെന്ന വിഷയമാണ് പ്രധാനം. ബാക്കിയൊക്കെ സൈഡ് ആണ്. മാത്യു കുഴൽനാടൻ നിയമസഭയിൽ വിഷയം ഉന്നയിച്ചതും വിജിലൻസിൽ പരാതി നൽകിയതും പാർട്ടി നിർദ്ദേശ പ്രകാരമാണ്. ഇ ഡി രാഷ്ട്രീയ പ്രേരിതമായി നീങ്ങിയാൽ എതിർക്കും," വി ഡി സതീശൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.