തിരുവനന്തപുരം: ലൈഫ് മിഷന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് സർക്കാരിനെതിരെ വീണ്ടും രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്.
“സര്‍ക്കാറിന്റെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു. ഐഒസി യുടെ പ്രൊപോസല്‍ തള്ളിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. പൊതുമരാമത്ത് മന്ത്രിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല.” രമേശ് ചെന്നിത്തല പറഞ്ഞു.
ബിസിനസ് റൂള്‍സ് ലംഘിച്ച്പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നും ചെന്നിത്തല ആരോപിച്ചു. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷനിൽ നടന്നത് കൊള്ളെയെന്നും രണ്ടാം ലവലിനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
‘സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് വിഡി സതീശൻ പറഞ്ഞത്. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്റെയും ഉത്തരവാദിത്തം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കു ഭരണം നിയന്ത്രിക്കാനാവുന്നില്ലെന്നും മൂന്നാം കിട കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തുവെന്നു വിഡി സതീശന് ആരോപിച്ചു. വ്യക്തമായ പദ്ധതിയുമായാണ് സംഘം എത്തിയത്. മുഖ്യമന്ത്രിയുടെ വകുപ്പില്‍ പിന്‍വാതില്‍ വഴി ജോലി നേടിയതും ഈ പദ്ധതി പ്രകാരമാണെന്നും സതീശൻ ആരോപിച്ചു.