തിരുവനന്തപുരം: വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്‌നാഥ് ബെഹ്റയും ഹെലികോപ്ടർ യാത്ര നടത്തിയതിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വിൽപ്പന നടത്താനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

“2018ലെ പ്രളയത്തിനെത്തുടർന്ന് പമ്പ ത്രിവേണിയിൽ അടിഞ്ഞ കോടിക്കണക്കിന് രൂപ വിലയുള്ള മണൽ നീക്കം ചെയ്യുന്നതിന് ഉത്തരവിറക്കാനായിരുന്നു യാത്ര. മണൽനീക്കം സംബന്ധിച്ച് പത്തനംതിട്ട കലക്ടർ വിശദമായ ഉത്തരവിറക്കി. കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന് സൗജന്യമായി മണൽ നീക്കാൻ അനുവാദം കൊടുത്തിരിക്കുകയാണ്. ഖജനാവിന് ലഭിക്കേണ്ട തുക പൊതുമേഖലാ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് സൗജന്യമായി നൽകുകയാണ്.” രമേശ് ചെന്നിത്തല പറഞ്ഞു.

മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഇക്കാര്യത്തെക്കുറിച്ച് വനംമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. പെട്ടെന്നുള്ള ഉത്തരവിൽ ദുരൂഹതയുണ്ട്. വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വിൽക്കാൻ കഴിയില്ല. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചെയർമാനായ കമ്പനിക്കാണ് സർക്കാർ മണൽ സൗജന്യമായി നൽകിയത്. മണൽ എന്തു ചെയ്യുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.” ചെന്നിത്തല പറഞ്ഞു.

കോവിഡിന്റെ മറവിൽ കേരളത്തിൽ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണ് സർക്കാർ. ഒരു ലക്ഷത്തിൽപരം മെട്രിക് ടൺ മണലും മണ്ണുമാണ് പമ്പാ ത്രിവേണിയിൽ കെട്ടികിടക്കുന്നത്. മെട്രിക് ടണിന് 1200 രൂപ നിരക്കിലാണ് നേരത്തെ വിൽപ്പന നടത്തിയത്. എന്നാൽ, ദേവസ്വം ബോർഡിന് 2000 മെട്രിക് ടണ്ണേ വില്‍ക്കാൻ കഴിഞ്ഞുള്ളൂ. മണലിന് ഗുണമേന്മ കുറവായതിനാലാണ് വിൽപ്പന കുറഞ്ഞത്. ഗുണമേന്മയില്ലെങ്കിൽ മണ്ണിന്റെ വില കുറച്ച് വിൽക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.