തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗുരുതരമാണെന്നും പൊലീസിന്റെ ആയുധങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിൽ ക്രിമിനൽ ഗൂഡാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും രമേശ് ചെന്നിത്തല.

ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിർത്തണം. ആയുധങ്ങൾ കാണാതായ സംഭവം രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാൽ എൻഐഎ അന്വേഷിക്കണം. പൊലീസിലെ മറ്റു ക്രമക്കേടുകൾ സിബിഐ അന്വഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: ഡിജിപി ലോക്‌നാഥ് ബെഹ്‌‌റയ്‌ക്കെതിരെ ഗുരുതര ആരോപണം; സിഎജി റിപ്പോർട്ട്

സംസ്ഥാന പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഡിജിപിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇത്. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം സിഎജി റിപ്പോർട്ട് കൈകാര്യം ചെയ്യേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ പി.ടി. തോമസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Also Read: ചെലവന്നൂർ കായലിൽ 114 അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി; കൂട്ടത്തിൽ പ്രമുഖരും

ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ലോക്‌നഥ് ബെഹ്‌റയ്ക്കെതിരായ ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് നിയമവിരുദ്ധമെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാതെ ആഡംബര വാഹനങ്ങൾ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ മാർഗനിർദേശമുണ്ടായിരുന്നു. എന്നാൽ, അതെല്ലാം ലംഘിച്ചാണ് ഡിജിപി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.