തിരുവനന്തപുരം: പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷ പിന്തുണ വി.ഡി.സതീശന് ലഭിച്ചുവെന്ന സംസാരമുണ്ടെങ്കിലും, ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ രമേശ് ചെന്നിത്തല തുടരുന്നതിനെ പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഹൈക്കമാൻഡ് പ്രതിനിധികൾ എംഎൽഎമാരുമായി നടത്തിയ ചർച്ചയിൽ തങ്ങൾക്കാണ് കൂടുതൽ പിന്തുണ ലഭിച്ചതെന്ന പ്രതീക്ഷയിലാണ് ചെന്നിത്തലയും സതീശനും.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് എംഎൽഎമാരുമായി ചർച്ച നടത്തിയ മാലികാർജുൻ ഖാർഗെ, വി. വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. രമേശ് ചെന്നിത്തല തുടരുന്നതാണ് യുഡിഎഫിന് ഗുണകരമെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ. എന്നാൽ പാർട്ടിയിൽ പൂർണമായ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെടുന്നവരാണ് സതീശനെ പിന്തുണക്കുന്നവർ.
Read Also: അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിപ്രവർത്തകർക്കിടയിൽ നിന്ന് തന്നെ ഉയർന്നു വന്നതായിരുന്നു നേതൃമാറ്റം സംബന്ധിച്ച ആവശ്യം. കെപിസിസി അധ്യക്ഷ സ്ഥാനത്തും യുഡിഎഫ് കൺവീനർ സ്ഥാനത്തും മാറ്റങ്ങൾക്കുള്ള സാധ്യതയുണ്ട്. എന്നാൽ അത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കില്ലെന്നാണ് സൂചന.