തിരുവനന്തപുരം: സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്റെ ഭൂമിയ്ക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ പ്രത്യേക പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരുന്നുവെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. അതേസമയം കുടിയേറ്റവും കൈയ്യേറ്റവും രണ്ടായിത്തന്നെ സര്‍ക്കാര്‍ കാണണം. അനധികൃത കയ്യേറ്റത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്. കൃഷിക്കാര്‍, ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ വീട് വയ്ക്കാനുള്ള അനുമതിക്കായി നെട്ടോട്ടമോടുകയാണ്. ഇവര്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ നല്‍കണം. ചിന്നക്കനാല്‍ പഞ്ചായത്തില്‍ പരിശോധനയ്ക്കായി വാങ്ങിയ പട്ടയങ്ങള്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കണം. കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിയ്ക്കുന്നതിനുള്ള വിലക്ക് നീക്കണം. അഞ്ചുനാട് വില്ലേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കരം അടയക്കാന്‍ സൗകര്യം ചെയ്യണം. സ്വന്തമായി വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് സ്ഥലവും, വീടും നല്‍കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മറവന്‍ സമുദായത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ നിർത്തലാക്കിയിരിക്കുകയാണ്. ഇത് പുന:രാരംഭിക്കണം.
കേരളത്തിന്റെ പൊതുവായുള്ള കെട്ടിടനിര്‍മാണച്ചട്ടങ്ങളും, രീതികളും മൂന്നാറിലെ ഭൂപ്രകൃതിക്ക് യോജിച്ചതല്ല. മൂന്നാറിന്റെ പരിസ്ഥിതിക്ക് യോജിച്ച തരത്തിലുള്ള നിര്‍മാണവും വികസനവുമാണ് വേണ്ടത്. അതുകൊണ്ട് മൂന്നാറിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണം. അതിന് പ്രത്യേക വികസന അതോറിറ്റിക്ക് രൂപം നല്‍കേണ്‍തുണ്ട്. ഈ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംഘം, മൂന്നാറിലെ സവിശേഷ സാഹചര്യങ്ങളും, വികസനാവശ്യങ്ങളും മുന്‍നിർത്തി ദീര്‍ഘകാല ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ ആണ് നടപ്പിലാക്കേണ്ടത്.
പള്ളിവാസലിനടുത്ത് നിരവധി ബഹുനിലക്കെട്ടിടങ്ങളാണ് ഉയരുന്നത്. പള്ളിവാസല്‍, കെഡിഎച്ച് വില്ലേജ്, ചിന്നക്കനാല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലായി മാത്രം സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും 108 കെട്ടിടങ്ങളാണ് പടുത്തുയര്‍ത്തുന്നത്. മൂന്നാറില്‍ മാത്രം 22 റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ബാധം തുടരുകയാണ്.
ഇക്കാനാഗറിലെ പത്തേക്കര്‍ ഭൂമി കെഎസ്ഇബിയുടേയും പൊതുമരാമത്ത് വകുപ്പിന്റേയും ഉടമസ്ഥതയിലുള്ളതാണ്. ഈ ഭൂമിയില്‍ വ്യാപക കൈയ്യേറ്റം നടക്കുന്നതായി സന്ദര്‍ശനത്തില്‍ നിന്നും എനിക്ക് ബോധ്യമായി. എംഎല്‍എ മുതല്‍ ഏരിയ സെക്രട്ടറിമാര്‍ വരെ കൈയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.