തിരുവനന്തപുരം: നിയമസഭയിൽ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും പൊതുജനങ്ങളോട് അഭിപ്രായം ആരായുന്നു. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍  ഉന്നയിക്കേണ്ട വിഷയങ്ങള്‍ ഏതൊക്കെയാണെന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ സമ്മേളനങ്ങൾക്ക് മുന്നോടിയായും പൊതുജനങ്ങളിൽ നിന്ന് പ്രതിപക്ഷം ഇതേ രീതിയിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിരുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ഇതേ വഴിയിൽ പൊതുജനങ്ങളെ സഭ നടപടികളിലേക്ക് കൂടുതൽ ചേർത്ത് നിർത്താനുള്ള ശ്രമം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്.

പൊതുജനങ്ങൾ സമമർപ്പിക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ, ചോദ്യങ്ങളായും ശ്രദ്ധക്ഷണിക്കലുകളായും സബ്മിഷനുകളായും സഭയില്‍ അവതരിപ്പിക്കുമെന്നും സർക്കാരിൽ നിന്ന് ഔദ്യോോഗിക വിശദീകരണം തേടുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം.

ഇത്തവണയും പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് വഴിയാണ് നിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. www.facebook.com/rameshchennithala എന്ന ലിങ്കിൽ, പ്രതിപക്ഷ നേതാവിന് നേരിട്ട് നിർദ്ദേശം സമർപ്പിക്കാം. പ്രാദേശിക തലത്തിലെ ജനങ്ങളുടെ അടിയന്തിരാവശ്യങ്ങള്‍  മുതല്‍  സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍  വരെ പൊതുജനങ്ങള്‍ക്ക് പ്രതിപക്ഷത്തെ അറിയിക്കാം. ഇവയ്ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മറുപടികൾ ഇതേ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ജനങ്ങളെ അറിയിക്കും. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.