അന്യസംസ്ഥാനത്തെ മദ്യ കമ്പനികളില്‍ നിന്നും മദ്യം വാങ്ങുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നൽകി. നിലവിലുള്ള സര്‍ക്കാര്‍ കോ ഓപ്പറേറ്റീവ് ഡിസ്റ്റലറികളുടെയും, ബ്രൂവറികളുടെയും ഉല്‍പാദന ശേഷി കൂട്ടി അന്യസംസ്ഥാന മദ്യകമ്പനികളേയും, ലോബികളേയും ആശ്രയിക്കതെ തന്നെ കേരളത്തിനാവശ്യമായ മദ്യം ലഭ്യമാക്കാനാകുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അതേസമയം മദ്യനിര്‍മ്മാണ ശാലകള്‍ക്ക് അനുമതി നല്‍കിയതിൽ ദുരുഹതയുണ്ടെന്ന വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇപ്പോള്‍ അനുവദിച്ച ബ്രൂവറിയുടെ പ്രോജക്ട് മാനേജര്‍ ഉന്നത സിപിഎം നേതാവിന്റെ മകനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കിന്‍ഫ്രയിലെ സ്ഥലം അനുവദിച്ചത് ഈ സ്ഥാപനത്തിനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഡിസ്റ്റലറി അനുവദിക്കേണ്ടെന്ന 1999-ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ഡിസ്റ്റലറി തുടങ്ങാന്‍ അനുമതി കൊടുത്ത ശ്രീചക്ര എന്ന കമ്പനി 1998-ലും അപേക്ഷ നല്‍കിയുരുന്നു. 1999-ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ശ്രീചക്രയുമുണ്ടായിരുന്നു. അന്ന് അവര്‍ ഹൈക്കോടതയില്‍ പോയെങ്കിലും അനുമതി കിട്ടിയില്ല. അത് തിരുത്താതെ ആ കമ്പനിക്ക് ഇപ്പോള്‍ എങ്ങനെ അനുമതി ലഭിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.
എറണാകുളത്ത് പവര്‍ ഇന്‍ഫ്രാ ടെക്കിന് ബ്രൂവറി സ്ഥാപിക്കുന്നതിന് ഭൂമി നൽകുന്നത് സംബന്ധിച്ച് സംശയാസ്പദമായ നടപടിയാണ് ഉണ്ടായിരിക്കുന്നതി. 2017 മാര്‍ച്ച് 27-നാണ് പവര്‍ ഇന്‍ഫ്രാ ടെക് സിഎംഡി കിന്‍ഫ്ര ജനറല്‍ മാനേജര്‍ക്ക് പദ്ധതി തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയത്. വെറും 48 മണിക്കൂറിനുള്ളില്‍ അപേക്ഷയില്‍ പറയുന്നത് പ്രകാരം പ്രോജക്ടിന് സ്ഥലം അനുവദിക്കാമെന്ന കത്ത് കിന്‍ഫ്ര ജനറല്‍ മാനേജര്‍ നൽകുകയും ചെയ്തു. ഇക്കാര്യം എക്‌സൈസ് മന്ത്രിക്ക് അറിയാമായിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.
നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഭൂമി അനുവദിക്കാമെന്ന കത്ത് എന്നുള്ള ആക്ഷേപം വളരെ വ്യക്തമാണ്. ഭൂമി അനുവദിക്കണമെങ്കിൽ ജില്ലാതല വ്യവസായ സമിതിയിൽ ചർച്ച ചെയ്യണം എന്നാൽ അത് ഉണ്ടായിട്ടില്ല. എക്സ്‌പ്രസ്സ് വേഗതയിലാണ് അനുമതി നൽകിയിരിക്കുന്നത്, ഇത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണം. സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ട് അവര്‍ അതിന് തയ്യാറാകുന്നില്ല . അത് കൊണ്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ അനുമതി നേടിയെടുത്ത് നിയമനടപടികളിലേക്ക് കടക്കുയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഈ വൻ അഴിമതിയുടെ ചുരുൾ അഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.