scorecardresearch
Latest News

മന്ത്രി ശിവൻകുട്ടിയുടെ രാജി: പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ നടപടികൾ നിയമവിരുദ്ധമല്ലെന്നും സർക്കാരിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും പറഞ്ഞു

മന്ത്രി ശിവൻകുട്ടിയുടെ രാജി: പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി
ഫയൽ ചിത്രം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി ഒരു വ്യക്തിയെ പേരെടുത്ത് പരാമർശിക്കാത്തതിനാൽ രാജിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി.തോമസ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ നടപടികൾ നിയമവിരുദ്ധമല്ലെന്നും സർക്കാരിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും പറഞ്ഞു.

ഇവിടെ ഉയര്‍ന്നുവന്നത് കേസ് പിന്‍വലിക്കലിനെ സംബന്ധിച്ചുള്ള നിയമപ്രശ്‌നമാണ്. ഫയല്‍ ചെയ്ത കേസിലെ വിചാരണയോ വിധിയോ അടിസ്ഥാനപ്പെടുത്തിയുള്ള സുപ്രീം കോടതി നിര്‍ദ്ദേശമല്ല. കേസ് പിന്‍വലിക്കല്‍ കോടതിയുടെ തെളിവുകള്‍ കണക്കിലെടുത്തുള്ള ഒരു വിധിയായി പരിഗണിക്കാന്‍ കഴിയില്ലായെന്ന് ചൂണ്ടിക്കാട്ടുന്ന സുപ്രീം കോടതിയുടെ തന്നെ വിധിന്യായങ്ങള്‍ നിലവിലുണ്ട്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കേസ് പിന്‍വലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇതിന്റെ എറ്റവും പ്രധാനമായ കാരണം പൊതുതാത്പര്യമാണ്. ഒരു കാലഘട്ടത്തിൽ ചില പ്രശ്നങ്ങളാൽ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ നടന്ന ചില സംഭവങ്ങൾ ആസ്പദമാക്കി എടുക്കുന്ന കേസുകള്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. കേസിലെ തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിന്‍വലിക്കാന്‍ നല്‍കുന്ന അപേക്ഷയ്ക്ക് അടിസ്ഥാനമാകണമെന്നില്ല.

Also read: വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

സംസ്ഥാനത്തെ/രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമല്ലാതാകുമ്പോള്‍ പഴയ സംഭവങ്ങള്‍ ആസ്പദമാക്കി എടുത്ത കേസുകള്‍ മുന്നോട്ടുപോകേണ്ടതില്ലായെന്ന തീരുമാനം നിയമപരമായ തെറ്റല്ല. ഇത്തരമൊരു അപേക്ഷ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയത് ദുരുദ്ദേശപരമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടല്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ നേരത്തെ പറഞ്ഞിട്ടുമുണ്ട്.

പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുകയാണ്. തുടർ നടപടികൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോവും. സുപ്രീം കോടതി വിധി അനുസരിക്കാന്‍ നാമെല്ലാവരും ബാധ്യസ്ഥരാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ ഈ കാലയളവിൽ ഉണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്ന് പറഞ്ഞു.

പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്‌നമാണ് സുപ്രീം കോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജി ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. അതേസമയം, പനി ബാധിച്ചു ചികിത്സയിൽ കഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ എത്തിയിരുന്നില്ല.

എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയെ രൂക്ഷമായ രീതിയിലാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. കോടതി വരാന്തയിൽ നിന്നും സംസാരിക്കുന്ന അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് വി.ഡി.സതീശൻ പറഞ്ഞു. മുണ്ട് മടക്കി കുത്തി സഭയിൽ പ്രതിഷേധം നടത്തിയ ആളാണ് വിദ്യാഭ്യാസ മന്ത്രി. ഇങ്ങനെ ഒരാൾ വേണമോയെന്ന് രക്ഷിതാക്കൾ തീരുമാനിക്കണമെന്നും സഭ ബഹിഷ്കരിച്ചു പുറത്തുവന്ന ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Opposition demands resignation of sivankutty in assembly cm rejects

Best of Express