തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതി വിമർശനം കേൾക്കേണ്ടിവന്ന ആരോഗ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.

കെ.കെ. ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടിയതിൽ യാതോരു അസ്വാഭാവികതയും ഇല്ല. മന്ത്രിയുടെ മുന്പിൽ വന്ന ഫയലിലെ നിർദേശപ്രകാരമാണ് തീയതി നീട്ടിയത്. തൃശൂർ, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്ന് പ്രാതിനിധ്യം ഇല്ലായിരുന്നു. അതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദമാക്കി.

അതേസമയം, കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തിരിച്ചടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.