/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ | ഫൊട്ടോ: ഫേസ്ബുക്ക് /MV Govindan
ഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്ന് ആക്കിയതിലെ എതിര്‍പ്പാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് ആക്കാനുള്ള നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകള്‍ മറച്ചുവെച്ച്, നിര്‍മ്മിക്കുന്ന പുതിയ ചരിത്രമാണ് പഠിപ്പിക്കുന്നത് എന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ സവര്‍ക്കറുടെ നിലപാടാണിതെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
"നിലവിലെ പ്രകോപനം എന്താണെന്ന് അറിയില്ല. ബിജെപിക്കെതിരായി ഒരു പ്രതിപക്ഷ കൂട്ടായ്മയുടെ പേര് 'ഇന്ത്യ' എന്ന് വന്നപ്പോള്‍ ആര്‍എസ്എസിനും സംഘപരിവാര്‍ വിഭാഗത്തിനും ഇന്ത്യ എന്ന പേരിനോടുള്ള എതിര്‍പ്പ് രാഷ്ട്രീയമായി പുറത്തുവന്നതാണ്. ഇതിന്റെ ഭാഗമായാണ് പാഠപുസ്തകത്തില്‍ നിന്നും ഇന്ത്യ എന്നത് മാറ്റി ഭാരത് ആക്കാന്‍ പറഞ്ഞത്. ഗുജറാത്തിലെ ചോദ്യപേപ്പറില്‍ മഹാത്മാഗാന്ധി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യം ചോദിച്ചിരുന്നു.
മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും പഠിപ്പിക്കരുത് എന്നാണ് അവര്‍ പറയുന്നത്. ശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകള്‍ മറച്ചുവെച്ച് ആധുനിക ചരിത്രം പഠിപ്പിക്കുമെന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സവര്‍ക്കറുടെ നിലപാടാണ്. ഹിന്ദുത്വവല്‍ക്കരണത്തിലേക്കുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രയോഗമാണിത്," എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' ചേര്‍ക്കാനുള്ള ശുപാര്‍ശയില്‍ ബദല്‍ സാധ്യതകള്‍ തേടാനുള്ള നീക്കത്തിലാണ് കേരളം. എന്‍സിഇആര്‍ടി ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുമോ എന്ന് നോക്കി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കേന്ദ്രം ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കാനാണ് ആലോചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.