തിരുവനന്തപുരം: കർട്ടണും കൂളിങ് ഫിലിമും ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ നടത്തിയിരുന്ന പ്രത്യേക പരിശോധന മോട്ടോർ വാഹന വകുപ്പ് നിർത്തിവച്ചു. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാൽ, വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു. പതിവ് പരിശോധനകൾ തുടരണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Also Read: വിഴിഞ്ഞം കരാർ: വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
പ്രത്യേക പരിശോധന ഉണ്ടാകില്ലെങ്കിലും വാഹനങ്ങളിലെ ഗ്ലാസുകളിൽ സ്റ്റിക്കറുകളും കർട്ടനുകളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരും. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന പുതിയ നിർദേശം.
Also Read: കാത്തിരിപ്പ് അവസാനിക്കുന്നു; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്
സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവർ കർട്ടനും ഫിലിമും നീക്കാത്തത് വിവാദമായിരുന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങൾക്ക് പിഴയിട്ടിരുന്നു.