കൊച്ചി: കോവിഡ് ബാധിത മേഖലകളിൽ നിന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപറേഷൻ സമുദ്രസേതു പദ്ധതിയുടെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി.

മാലിദ്വീപിൽ നിന്നും 698 പേരെ കപ്പൽ മാർഗമാണ് കൊച്ചിയിലെത്തിച്ചത്. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്നു രാവിലെ 9.30 നാണ് കൊച്ചിയിലെത്തിയത്.

595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്‌നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും കപ്പലിൽ തിരിച്ചെത്തി.

പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിങ് നടത്തി. യാത്രക്കാർക്ക് ബിഎസ്‌എൻഎൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു.

ടെർമിനലിൽ സൗജന്യ വൈഫൈ സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിരുന്നു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും യാത്രക്കാർക്ക് വാഹന സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു.

ശാരീരിക ബുദ്ധിമുട്ടുള്ളവരും കപ്പലിലുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർ ഇവരെ സഹായിക്കാൻ രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.