scorecardresearch
Latest News

ഇന്നു മുതല്‍ ഓപ്പറേഷന്‍ റേസുമായി മോട്ടോര്‍ വാഹനവകുപ്പ്; നിര്‍ത്താതെ പോയാല്‍ വീട്ടിലെത്തും

പൊതു റോഡിലെ ഇരുചക്രവാഹനങ്ങളുടെമത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു

ഇന്നു മുതല്‍ ഓപ്പറേഷന്‍ റേസുമായി മോട്ടോര്‍ വാഹനവകുപ്പ്; നിര്‍ത്താതെ പോയാല്‍ വീട്ടിലെത്തും

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ റേസ് എന്ന പേരില്‍ രണ്ടാഴ്ച കര്‍ശന പരിശോധന നടത്തും. ബുധനാഴ്ച മുതലാണു പരിശോധന.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പരിശോധന നടത്തുന്നത്. പൊതു റോഡിലെ ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നതു വര്‍ധിച്ച് വരുന്നതിനെത്തുടര്‍ന്നാണു മന്ത്രി നടപടിക്കു നിര്‍ദേശം നല്‍കിയത്.

”ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീളുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും,” മന്ത്രി പറഞ്ഞു.

Also Read: Top News Live Updates: കുതിച്ചുയര്‍ന്ന് കോവിഡ്; സംസ്ഥാനത്ത് 4,224 പുതിയ കേസുകള്‍

തിരുവനന്തപുരം വിഴിഞ്ഞം മുക്കോല ബൈപാസില്‍ കഴിഞ്ഞദിവസം മത്സര ഓട്ടത്തിനിടെ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു മന്ത്രി പരിശോധനയ്ക്കും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കിയത്.

വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചൊവ്വര സ്വദേശി ശരത്,നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണു മരിച്ചത്. 19നു വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.

അപകടം നടന്ന ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മ്മാണം പുരോഗമിക്കുന്ന റാഡില്‍ ബൈക്ക് റേസിങ്ങും അപകടങ്ങളും തുടര്‍ക്കഥയാണെന്നുമാണു നാട്ടുകാര്‍ പറയുന്നത്.

ഓപ്പറേഷന്‍ റേസ് ഇങ്ങനെ

നാളെ മുതല്‍ ജൂലൈ അഞ്ചുവരെയാണു ഓപ്പറേഷന്‍ റേസ്. പരിശോധന സംബന്ധിച്ച് താഴെ പറയുന്ന നിര്‍ദേശങ്ങളാണു മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

  • എല്ലാ എന്‍ഫോഴ്‌സ്‌മെന്റ്, ആര്‍ ടി ഒ.,സബ് ആര്‍.ടി.ഓ ഓഫീസുകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം
  • അപകടകരമായ ഡ്രൈവിങ് കണ്ടെത്തുന്ന കേസുകളില്‍ ലൈസന്‍സ് സസ്‌പെന്‍ഷന്‍ /റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നടപടികള്‍ സ്വീകരിക്കണം
  • വാഹനങ്ങളില്‍ റോഡ് സുരക്ഷയെ ബാധിക്കുന്ന അനധികൃത മാറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവ ഏഴു ദിവസത്തിനകം പൂര്‍വസ്ഥിതിയിലാക്കി യെന്ന് ഉറപ്പുവരുത്തേണ്ടതും, ഇല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ നടപടികള്‍ സ്വീകരി്ക്കണം
  • പരിശോധന സമയത്ത് നിര്‍ത്താന്‍ കഴിയാത്തവിധം അപകടകരമായ ഡ്രൈവിങ് നടത്തുന്ന വാഹനങ്ങള്‍/സിഗ്‌നല്‍ നല്‍കിയിട്ടും നിര്‍ത്താതെ പോകുന്നവ/പരാതികള്‍ വീഡിയോകളായി ലഭിക്കുന്ന കേസുകള്‍ തുടങ്ങിയവയില്‍ അന്നോ തൊട്ടടുത്ത ദിവസമോ വാഹന ഉടമസ്ഥന്റെ
    അഡ്രസിലെത്തി ചെലാന്‍ നല്‍കേണ്ടതും ലൈസന്‍സ് വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്
  • ഖണ്ഡിക നാലില്‍ പറഞ്ഞ വിഭാഗത്തിലെ വാഹനങ്ങള്‍ മറ്റൊരു ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്നതാണെങ്കില്‍ ആ ദിവസം തന്നെ വിവരം അവിടെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയ്ക്ക് കൈമാറണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Operation race road safety motor vehicle department