തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 89 കേസുകൾ രജിസ്ട്രകർ ചെയ്തതായി പൊലീസ് അറിയിച്ചു. 47 പേര്‍ അറസ്റ്റിലാവുകയും 143 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തിയതിനെത്തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയിൽ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

Read More: ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: മുഖ്യപ്രതി അറസ്റ്റിൽ

കേരള പൊലീസ് സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തിലാണ് ഓപ്പറേഷന്‍ പി-ഹണ്ട് ആരംഭിച്ചത്. കുട്ടികളുടെ പഠനം മുതല്‍ ബാങ്കിങ്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവയ്ക്കായി ഇന്റര്‍നെറ്റിന്റെ ഗാര്‍ഹിക ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളിലും ലോക്ക്ഡൗൺ കാലത്ത് വര്‍ധനവ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇത്തരത്തിലെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ളവ വര്‍ധിച്ചുവരുന്നതായി കേരള പൊലീസിന്റെ സൈബര്‍ഡോമിന് കീഴിലുള്ള സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സംസ്ഥാന വ്യാപകമായ റെയ്ഡ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ് ടോപ്പുകള്‍ കമ്പ്യൂട്ടറുകള്‍ എന്നീ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. 6 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ഐടി അടക്കമുള്ള പ്രൊഫഷണല്‍ മേഖലകളിൽ നിന്നുള്ള യുവാക്കളും ഉള്‍പ്പെടുന്നുവെന്നും ഇതില്‍ ചിലര്‍ കുട്ടികളെ നേരിട്ട് ചൂഷണം ചെയ്തെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Read More: രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതലാണ് സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. ഷാഡോ ടീമിന്റേയും പ്രത്യേക ട്രെയിനിങ് ലഭിച്ച് സൈബര്‍ ടീമിനേയും ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന നടന്നത്.

കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് വ്യാപകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിനോട് കര്‍ശനമായ നടപടിക്ക് ശുപാര്‍ശ ചെയ്തിന്റെ ഭാഗമായിട്ടാണ് ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ക്രൈം ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ചുമതല നല്‍കിക്കൊണ്ടാണ് പരിശോധനകൾ സംഘടിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.