കൊച്ചി: കുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന വ്യാപക റെയ്‌ഡിൽ 41 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ടിന്‍റെ മൂന്നാംഘട്ട പരിശോധനയാണ് ഇന്നലെ നടന്നത്. പരിശോധനയിൽ 339 കേസ് രജിസ്റ്റർ ചെയ്തതായി കേരളാ പോലീസ് സൈബർ ഡോം അറിയിച്ചു.

അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാനത്തെമ്പാടുമായി നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക്, പെൻഡ്രൈവ്, ടാബ്, മൊബൈൽ ഫോൺ തുടങ്ങിയ 392 ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയാനാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ പി ഹണ്ട് നടപ്പിലാക്കിയത്. ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു റെയ്ഡിനു നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും വാട്‌സ്ആപ്പിലും ടെലഗ്രാമിലുമുള്ള അശ്ലീല ഗ്രൂപ്പുകള്‍ വര്‍ധിച്ചതായും പൊലീസ് പറഞ്ഞു.

സംസ്ഥാന പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് പി ഹണ്ടിലൂടെ നടപടിയെടുക്കുന്നത്.

സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫിസര്‍ എ.ശ്യാംകുമാര്‍, രഞ്ജിത്ത് ആര്‍.യു., എ.അസറുദ്ദീന്‍, വിശാഖ് എസ്.എസ്, സതീഷ് എസ്, രാജേഷ് ആര്‍.കെ, പ്രമോദ് എ, രാജീവ് ആര്‍.പി, ശ്യാം ദാമോദരന്‍ തുടങ്ങിയവരാണ് സൈബര്‍ ഡോം സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പിലും നാനൂറിലധികം അംഗങ്ങളുണ്ടായിരുന്നു. 6 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളാണ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തത്. ഐടി മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളാണ് ഗ്രൂപ്പുകളിലുണ്ടായിരുന്നത്. സാങ്കേതിക ജ്ഞാനം ഉള്ളതിനാല്‍, നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്.

കുറ്റവാളികളെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവികളുടെ കീഴില്‍ 320 ടീമുകളെ സജ്ജമാക്കി. സൈബര്‍സെല്‍ അംഗങ്ങളും സാങ്കേതിക വിദഗ്ധരും വനിതാ പൊലീസുകാരും ഉള്‍പ്പെടുന്നതായിരുന്നു ടീം. 27നു പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.