കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് എത്തിച്ച യാത്ര ഓരോ മലയാളിയും പ്രാർഥനയോടെയാണ് വീക്ഷിച്ചത്. കുഞ്ഞിന്റെ മതാപിതാക്കള്‍ക്കൊപ്പം കേരളമൊന്നാകെ ആ കുരുന്നുജീവനായി കൈ കൂപ്പിയ മണിക്കൂറുകളാണ് പിന്നിട്ടത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് കുട്ടിയുമായി മംഗലാപുരത്തുനിന്നും ആംബുലന്‍സ് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിയത്. ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയാണ് ഈ ദൗത്യത്തിനുവേണ്ടിയുളള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ചൈല്‍ഡ് പ്രൊട്ടക്ട് കേരളയുടെ വൈസ് പ്രസിഡന്റ് ആര്‍.ശാന്തകുമാര്‍ ദൗത്യത്തെക്കുറിച്ച് കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചു.

Read More: ഓപ്പറേഷന്‍ ഉടനില്ല; കുഞ്ഞിന്റെ നില ഗുരുതരം

ദൗത്യം ഏറ്റെടുത്തത്

ഇന്നലെ (തിങ്കളാഴ്ച) രാവിലെയാണ് 15 ദിവസം പ്രായമായ കുഞ്ഞിനെ അടിയന്തരമായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കായി എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ സംഘടനയെ സമീപിക്കുന്നത്. നേരത്തെയും ശ്രീചിത്രയിലേക്ക് ഇത്തരം ദൗത്യം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇതും ഏറ്റെടുക്കാന്‍ തയ്യാറായി. തിങ്കളാഴ്ച രാത്രി തന്നെ മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ നിന്ന് കുട്ടിയെയും കൊണ്ട് തിരുവനന്തപുരത്തേക്ക് തിരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. രാത്രിയില്‍ യാത്ര കൂടുതല്‍ സൗകര്യമാണ്. ഏകദേശം ആറര മണിക്കൂര്‍ കൊണ്ട് ശ്രീചിത്രയില്‍ എത്തിക്കാന്‍ സാധിക്കും. എന്നാല്‍, കുട്ടിയുടെ ഓക്‌സിജന്‍ അളവ് വളരെ കുറവായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നി. പിന്നീട് രാവിലെ ഒന്‍പത് മണിക്ക് യാത്ര ആരംഭിക്കാമെന്ന് തീരുമാനിച്ചു. പൊലീസുമായി ഇതിനെ കുറിച്ച് ആലോചിച്ചു. ഒടുവില്‍ 9 മണിക്ക് തന്നെ കുട്ടിയേയും കൊണ്ട് ശ്രീചിത്രയിലേക്ക് പോകാമെന്ന് തീരുമാനിച്ചു. എന്നാല്‍, ഓക്‌സിജന്റെ അളവ് ഉയരാനും മറ്റ് ചില സാങ്കേതിക ബുദ്ധിമുട്ടുകളും മൂലം യാത്ര തുടങ്ങാൻ 11 മണിയായി.

Read More: ആംബുലന്‍സ് അമൃതയിലെത്തി; ആരോഗ്യമന്ത്രി ഇടപെട്ടു, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

യാത്രയ്ക്കായുള്ള സജ്ജീകരണങ്ങള്‍

രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ചൈല്‍ഡ് പ്രൊട്ടക്ട് കേരള. ഇതുവരെ ഏഴ് ദൗത്യങ്ങളാണ് സംഘടന മേല്‍ക്കൈ എടുത്ത് നടത്തിയത്. ഇത്തരം സാഹചര്യങ്ങളിൽ സോഷ്യല്‍ മീഡിയ വഴി ജനങ്ങളെ അറിയിക്കുകയും യാത്രക്കായി സജ്ജീകരണങ്ങള്‍ ഒരുക്കുകയുമാണ് സംഘടന ചെയ്യുന്നത്. വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളിൽ ദൗത്യത്തെക്കുറിച്ച് അറിയിക്കും. പരമാവധി ആളുകളിലേക്ക് വിവരം എത്തിക്കും. യാത്ര തുടങ്ങുന്ന സമയം, പൂര്‍ത്തിയാക്കേണ്ട സമയം തുടങ്ങിയവയെല്ലാം പൊലീസുമായി ചര്‍ച്ച ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കും. കാര്യങ്ങള്‍ തീരുമാനിക്കാന്‍ അഞ്ച് പേരടങ്ങുന്ന ഒരു ചെറിയ വാട്‌സ്ആപ് ഗ്രൂപ്പുണ്ട്. ഇതിലെ തീരുമാനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെയ്യാറുള്ളത്. ഇവിടെയും ഈ രീതിയാണ് സ്വീകരിച്ചത്. ഫെയ്സ്ബുക്ക് വഴി വിവരം ജനങ്ങളെ അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെ പോകുന്ന വഴികള്‍ ലൈവ് സ്ട്രീമിങ് നടത്തും. ഇതിനു മുൻപ് 30 ദിവസം പ്രായമായ കുട്ടിയെയും കൊണ്ട് ശ്രീചിത്രയിലേക്ക് പോയിട്ടുണ്ട്. ആ അനുഭവ പരിചയം ഇന്നത്തെ ദൗത്യത്തിന് കൂടുതൽ ഗുണകരമായി.

Read More: തൃശൂരില്‍ സജ്ജീകരണമൊരുക്കണമെന്ന് നിര്‍ദേശം; ആംബുലന്‍സ് എടപ്പാളില്‍

ആംബുലന്‍സില്‍ ആരെല്ലാം

കാസർകോട് സ്വദേശിയാണ് ഡ്രൈവറായ ഹസന്‍. ആംബുലന്‍സ് ഓടിക്കാന്‍ ഹസന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൂടാതെ കാസർകോട് നിന്നുള്ള ചൈല്‍ഡ് പ്രൊട്ടക്ട് കേരളയുടെ ജില്ലാ ഭാരവാഹി ബദ്രുദ്ദീൻ ആംബുലന്‍സില്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഫെയ്സ്ബുക്ക് ലൈവ് ചെയ്തത്. സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മിഥുൻ എന്നൊരാളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍, കുട്ടിയുടെ മാതാവിന്റെ പിതാവ്, മറ്റൊരു ബന്ധു തുടങ്ങിയവര്‍ക്കൊപ്പം സ്റ്റാഫ് നഴ്സ് ഷിജുവും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.

എന്തുകൊണ്ട് ശ്രീചിത്ര തിരഞ്ഞെടുത്തു

മുൻപും ഇത്തരത്തിലുളള ദൗത്യങ്ങൾ ശ്രീചിത്രയിലേക്കാണ് നടത്തിയത്. 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഹൃദ്രോഗ ചികിത്സ അവിടെ സൗജന്യമാണ്. അവിടെ കുട്ടികളുടെ ചികിത്സക്കായി എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണെന്ന് അറിയാം. മുന്‍പ് ചെയ്ത ഹൃദയ ശസ്ത്രക്രിയകളെല്ലാം വിജയിച്ച അനുഭവവും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീചിത്ര തന്നെ തിരഞ്ഞെടുത്തത്.

Read More: ഓരോ നിമിഷവും വിലപ്പെട്ടതാണ്; എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി

വാഹനം നിർത്തിയത് ഒരു തവണ മാത്രം

11 മണിയോടെ യാത്ര ആരംഭിച്ചു. അത്യാവശ്യ സൗകര്യങ്ങളെല്ലാം കരുതിയിരുന്നു. പത്ത് മണിക്കൂര്‍ കൊണ്ട് ശ്രീചിത്രയിലെത്തിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. എട്ട് മണിക്കൂര്‍ കൊണ്ട് എത്തിക്കാവുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തത്. എല്ലായിടത്തും ജനങ്ങള്‍ ആവശ്യമായ സൗകര്യമൊരുക്കി. സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കി കൊണ്ടിരുന്നു. മലപ്പുറം എടപ്പാളില്‍ വച്ചാണ് വാഹനം പത്ത് മിനിറ്റ് നിര്‍ത്തിയിട്ടത്. അത് വാഹനത്തില്‍ ഇന്ധനം നിറക്കാന്‍ വേണ്ടിയായിരുന്നു. ഒരു തവണ മാത്രമാണ് ഇന്ധനം നിറയ്ക്കേണ്ടി വന്നത്. അതിനുള്ള സൗകര്യം പൊലീസ് കൃത്യമായി ഒരുക്കി തന്നു. വാഹനത്തിലുണ്ടായിരുന്ന ചിലര്‍ക്ക് ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ വന്നെങ്കിലും ആംബുലന്‍സ് നിര്‍ത്തേണ്ടി വന്നില്ല. അവര്‍ക്ക് ആവശ്യമായ വെള്ളവും ലഘു ഭക്ഷണവും മറ്റ് മുന്‍കരുതലുകളും ആംബുലന്‍സില്‍ തന്നെ കരുതിയിരുന്നു. എട്ട് മണിക്കൂര്‍ കൊണ്ട് ശ്രീചിത്രയില്‍ എത്തുമെന്ന കാര്യത്തില്‍ ഉറപ്പായിരുന്നു.

അമൃതയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം

വാര്‍ത്ത അറിഞ്ഞ് ആരോഗ്യമന്ത്രി ഇടപെട്ടതോടെയാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ശ്രീചിത്രയില്‍ തന്നെ ചികിത്സിക്കണമെന്നായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ട് കേരളയുടെ താല്‍പര്യം. കാരണം, അവിടെ മികച്ച ചികിത്സ ലഭിക്കുമെന്ന് മുന്‍ അനുഭവമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശ്രീചിത്ര തന്നെ മതിയെന്ന് തീരുമാനിച്ചത്. എന്നാല്‍, ആരോഗ്യമന്ത്രി നേരിട്ട് കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു. ഇത്ര ദൂരം പോകുന്നത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അമൃതയില്‍ പ്രവേശിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല, എല്ലാ സജ്ജീകരണങ്ങളും അമൃതയില്‍ ഉറപ്പാക്കാമെന്നും കേരള സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ തന്നെ വഹിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ കൂടി യാത്ര ചെയ്തിരുന്നെങ്കിൽ ശ്രീചിത്രയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുമായിരുന്നു.

ലക്ഷ്യത്തിലെത്തിയത് അഞ്ചര മണിക്കൂറിൽ

അഞ്ചര മണിക്കൂര്‍ കൊണ്ടാണ് അമൃതയിലെത്തിയത്. 11 മണിക്ക് പുറപ്പെട്ടു. അഞ്ചര മണിക്കൂര്‍ കൊണ്ട് അമൃതയിലെത്തി. വഴിയില്‍ ചൈല്‍ഡ് പ്രൊട്ടക്ട് കേരളയിലെ അംഗങ്ങള്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി തന്നു. 400 കിലോമീറ്ററാണ് ആകെ പിന്നിട്ട ദൂരം.

ദൗത്യത്തില്‍ പങ്കെടുത്തവര്‍ – ഇടത്തുനിന്ന് സ്റ്റാഫ് നഴ്‌സ് ഷിജു, സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ മിഥുൻ, ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍, ചൈല്‍ഡ് പ്രൊട്ടക്ട് കേരള കാസര്‍കോട് ഭാരവാഹി ബദ്രുദ്ദീന്‍

ഇന്ന് വെെകീട്ട് 4.30 ഓടെയാണ് കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലൻസ് അമൃത ആശുപത്രിയിൽ എത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനിയിരുന്നു പദ്ധതി. എന്നാൽ, ആരോഗ്യമന്ത്രി ഇടപെട്ടതോയെ അമൃതയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. അഞ്ചര മണിക്കൂർ കൊണ്ടാണ് മംഗലാപുരത്ത് നിന്ന് അമൃതയിലെത്തിയത്.

തൃശൂരിലെത്തിയപ്പോഴാണ് ചികിത്സ അമൃതയിൽ നടത്താമെന്നും ചെലവുകൾ സർക്കാർ വഹിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവന്നത്. ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.